കോലഞ്ചേരി: വയനാട്ടിലെ ദുരന്തഭൂമിയിൽ സന്നദ്ധ പ്രവർത്തനവുമായി കോലഞ്ചേരി റെഡ് ക്രോസ് ടീമും. സൈന്യത്തിനും എൻ.ഡി.ആർ.എഫിനുമൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് ഇവർ. യൂണിറ്റ് ചെയർമാൻ രഞ്ജിത് പോൾ, ബിനോയ് ടി. ബേബി, പോൾസൺ പോൾ, ഉല്ലാസ് ജോയ് എന്നിവരാണ് സംഘത്തിലുള്ളത്. മുണ്ടക്കൈ ഗവ. എൽ.പി സ്‌കൂളിന് താഴെയുള്ള പുഴയിലും തകർന്നടിഞ്ഞ വീടുകളിലും മൃതദേഹങ്ങൾ തിരയുന്ന ടീമിനൊപ്പമാണ് പ്രവർത്തനം. സൈന്യം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ, മെഡിക്കൽ സംഘം ,റെഡ് ക്രോസ് അംഗങ്ങൾ എന്നിവരെ ഒഴികെ ആരെയും ദുരന്ത ഭൂമിയിലേക്ക് കടത്തിവിടുന്നില്ല. അനാഥരായ വളർത്തു മൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പ് വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്ന ജോലിയിലും ഇവർ സഹായിക്കുന്നുണ്ട്. ഇന്ന് ഇവർ നാട്ടിലേയ്ക്ക് തിരിക്കും. കോലഞ്ചേരി യൂണിറ്റ് ശേഖരിക്കുന്ന ഉത്പന്നങ്ങൾ നാളെ വയനാട്ടിലെത്തിക്കും.