ആലുവ: മഴ മാറിനിന്നതോടെ കർക്കടകവാവ് ബലിതർപ്പണത്തിന് പെരിയാർ തീരത്ത് പതിനായിരങ്ങളെത്തി. അമാവാസി ഇന്നലെ വൈകിട്ട് 3.30 മുതൽ ഇന്ന് വൈകിട്ട് 4.30 വരെയായതിനാൽ ഇന്നും ബലിതർപ്പണം തുടരും. സുരക്ഷാ നിയന്ത്രണങ്ങളിലായിരുന്നു തർപ്പണം.
ഇന്നലെ പുലർച്ചെ മൂന്നര മുതൽ ആരംഭിച്ച തർപ്പണ ചടങ്ങുകൾ വൈകിട്ട് വരെ നീണ്ടുനിന്നു. സാധാരണ ഉച്ചയോടെ തർപ്പണം അവസാനിക്കുമെങ്കിലും അമാവാസി വൈകിട്ട് ആരംഭിച്ചതിനാലാണ് ഭക്തർ വൈകിട്ടും എത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് മദ്ധ്യകേരളത്തിൽ മുഖ്യമായും തർപ്പണം നടന്നത്.
നിയന്ത്രണങ്ങളുടെ ഭാഗമായി ഇക്കുറി മണപ്പുറത്ത് പിതൃബലിയർപ്പിച്ച് ഭക്തരെ മുങ്ങി കുളിക്കാൻ അനുവദിച്ചിരുന്നില്ല. പാർക്കിംഗ് ഏരിയയിൽ ഒരുക്കിയ താത്കാലിക ബലിത്തറകളിൽ ബലിയിട്ട ശേഷം ഭക്തർക്ക് ബലിപ്പിണ്ഡം പുഴയിലൊഴുക്കാൻ കഴിഞ്ഞില്ല. പകരം കരയിൽ തന്നെ പുഷ്പങ്ങൾ വയ്ക്കുകയായിരുന്നു.
അദ്വൈതാശ്രമത്തിൽ ബലിയിടാനെത്തിയവർക്ക് കാര്യമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. പെരിയാറിൽ കുളിക്കാനും ബലി പിണ്ഡം പുഴയിലൊഴുക്കാനും കഴിഞ്ഞു. മണപ്പുറത്തെ നിയന്ത്രണങ്ങളുണ്ടായതിനാൽ ഇക്കുറി അദ്വൈതാശ്രമത്തിൽ തിരക്ക് കൂടുതലായിരുന്നു. ബലിതർപ്പണം നടന്ന സ്ഥലത്തെല്ലാം പൊലീസ് കനത്ത സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.