മൂവാറ്റുപുഴ: നഗരത്തിലെ മണ്ണാൻകടവ് തോട് പുറമ്പോക്ക് കയ്യേറ്റം അളന്ന് തിട്ടപ്പെടുത്താൻ ജില്ല കലക്ടർ ഭൂരേഖ തഹസിൽദാർക്ക് നിർദേശം നൽകി. മണ്ണാൻകടവ് തോട് പുറമ്പോക്ക് പലരും കയ്യേറി തോടിന്റെ വീതികുറഞ്ഞതോടെ മലിനജലം ഉൾപ്പെടെയുള്ള വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിരുന്നു. പ്രദേശ വാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ വാർഡ് കൗൺസിലർ ജാഫർ സാദിക്ക് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതോടെ ജാഫർ സാദിക്ക് ജില്ലാ കലക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇതേതുടർന്നാണ് കളക്ടർ തോട് അളക്കുവാനും കൈയ്യേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിച്ച് യഥാർത്ഥ വീതി പുനഃസ്ഥാപിക്കുവാനും നിർദ്ദേശം നൽകിയതെന്ന് ജാഫർ സാദിക്ക് അറിയിച്ചു. മണ്ണാൻകടവ് തോട്ടിൽ നിന്ന് വെള്ളം കയറി പേട്ട റോഡ് തകരുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയർന്നത്.