ആലുവ: പെരിയാറിലെ ജലനിരപ്പ് സാധാരണ നിലയിലേക്ക് താഴുകയും മഴ മാറി ആകാശം തെളിഞ്ഞിട്ടും മണപ്പുറത്തേക്കുള്ള നടപ്പാലം അടച്ചിട്ടത് ഭക്തരെ വലച്ചു. ഇതേതുടർന്ന് മണപ്പുറത്ത് ബലിതർപ്പണം നടത്തിയ വിശ്വാസികൾ നാല് കിലോമീറ്റർ അധികം ചുറ്റേണ്ടി വന്നു.
ഇന്നലത്തെ കാലാവസ്ഥയും പെരിയാറിലെ ജലനിരപ്പും കണ്ടപ്പോൾ എന്തിനാണ് നടപ്പാലം അടച്ചിട്ടതെന്ന് ആർക്കും മറുപടിയില്ലാത്ത അവസ്ഥയാണ്. നടപ്പാലം മണപ്പുറത്ത് അവസാനിക്കുന്ന ഭാഗം മുതൽ മണപ്പുറത്ത് ഇക്കുറി ബലിതർപ്പണം നടന്ന വാഹന പാർക്കിംഗ് ഏരിയ വരെ കാൽനട യാത്രക്കാർക്ക് കോൺക്രീറ്റ് നടപ്പാത സൗകര്യമുണ്ട്. ഈ നടപ്പാതയിലെ ചെളി മാത്രം നീക്കിയാൽ ഭക്തർക്ക് സുഗമമായി സഞ്ചരിക്കാമായിരുന്നു. വിശാലമായ പാർക്കിംഗ് ഏരിയയിലെ ചെളി നീക്കം ചെയ്ത ദേവസ്വം ബോർഡ് മണപ്പുറം പാലത്തിലേക്കുള്ള 75 മീറ്റർ നടപ്പാത കൂടി ശുചീകരിച്ചിരുന്നെങ്കിൽ ഭക്തർക്ക് വലിയ ആശ്വാസമായേനെ.
കർക്കടകവാവിനും രണ്ട് ദിവസം മുമ്പ് ശക്തമായ മഴയുണ്ടായിരുന്നപ്പോൾ അധികൃതർ എടുത്ത തീരുമാനം മഴ മാറിയിട്ടും പെരിയാറിലെ ജലനിരപ്പ് താഴ്ന്നിട്ടും പുനപരിശോധിക്കാതിരുന്നതാണ് ഭക്തർക്ക് ദുരിതമായത്. കോടികൾ മുടക്കി നിർമ്മിച്ച മണപ്പുറത്തേക്കുള്ള നടപ്പാലം കൂടുതൽ പ്രയോജനപ്പെടുന്നത് ശിവരാത്രി നാളിലും കർക്കടക വാവിനുമാണ്. യാതൊരു കാരണവുമില്ലാതെ നടപ്പാലം അടച്ചിട്ട പൊലീസിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകമാണ്.