കിഴക്കമ്പലം: കെട്ടിടം പണിക്കായുള്ള പെർമിറ്റിന്റെ മറവിൽ ലോഡ് കണക്കിന് പാറ പൊട്ടിച്ച് കടത്തുന്നതായി പരാതി. കുന്നത്തുനാട് പഞ്ചായത്ത് 5-ാം വാർഡിൽ പുളിഞ്ചുവട് ബീവറേജ് ഷോപ്പ് റോഡിന് സമീപമാണ് പാറ പൊട്ടിക്കുന്നത്. കനത്ത മഴയ്ക്കിടയിൽ ജില്ലയിൽ പാറമടകൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാൽ ഇവിടെ ഹിറ്റാച്ചിയും കംപ്രസസറുമടക്കം എത്തിച്ച് ലോഡ് കണക്കിന് കല്ലാണ് പൊട്ടിച്ചെടുക്കുന്നത്. നേരിട്ട് പെർമിറ്റ് നൽകാത്ത സാഹചര്യത്തിൽ കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ വലിയ മലകളുടെ ഒരു ഭാഗത്ത് പെർമിറ്റെടുക്കുകയും മല മുഴുവൻ തുരന്നെടുക്കുകയും ചെയ്യുകയാണ് മണ്ണ്-കല്ല് മാഫിയകൾ. പെർമിറ്റെടുക്കുന്നത് മിക്കവാറും മലയുടെ മദ്ധ്യഭാഗത്താകും. ഇവിടേയ്ക്ക് വഴി സൗകര്യങ്ങൾ എന്ന വ്യാജേന മല മുഴുവൻ തുരന്ന് മണ്ണും കല്ലും കയറ്റി കൊണ്ടു പോകുന്നതാണ് രീതി.
ഇതേ വാർഡിൽ ഒരു മാസം മുമ്പ് കോട്ടമലയിൽ അനധികൃതമായി നടത്തിയ മണ്ണെടുപ്പിനെ തുടർന്ന് ചുറ്റുമതിൽ ഇടിഞ്ഞു വീണിരുന്നു. ഇതേ തുടർന്ന് ഇത്തരം നിർമ്മാണ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടയിലാണ് കല്ല് പൊട്ടിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുന്നത്.
നിർദ്ദിഷ്ട സ്ഥലത്ത് പാറ ഖനനം നടത്തുന്നതിന് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നും കെട്ടിട നിർമ്മാണത്തിന് മാത്രമാണ് പെർമിറ്റ് നൽകിയതെന്നുമാണ് പഞ്ചായത്ത് അംഗം വിശദീകരിച്ചത്. ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടി എടുക്കുന്നതിന് സെക്രട്ടറിയ്ക്ക് കത്ത് നൽകുമെന്നും പഞ്ചായത്തംഗം പറഞ്ഞു.