കൊച്ചി: ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം മാക്കപ്പറമ്പ് റെയിൽവേ ട്രാക്കിനടുത്ത് 65 വയസ് തോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് 5.55നാണ് ഇത് സംബന്ധിച്ച വിവരം എളമക്കര പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മുഖത്തുൾപ്പെടെ പരിക്കുകളുണ്ട്. ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റുമോർട്ടം നടപടിയും പൂർത്തിയാക്കും. മറ്റ് നടപടികൾ തീരുമാനിച്ചിട്ടില്ലെന്ന് എളമക്കര പൊലീസ് അറിയിച്ചു.