കോലഞ്ചേരി: പാഴ് മരങ്ങളുടെ ലഭ്യതക്കുറവ് പ്ലൈവുഡ് വ്യവസായത്തിന് തിരിച്ചടിയാകുമ്പോൾ സൗജന്യമായി തൈകൾ വിതരണം ചെയ്ത് മരമായി തിരിച്ചെടുക്കുന്ന പദ്ധതിയുമായി സോമിൽ ഓണേഴ്സ് ആൻഡ് പ്ളൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ (സോപ്മ). സൗജന്യമായി ഒരു കോടി മലവേപ്പിൻ തൈയാണ് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യുക.
വനം, കൃഷി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി. പ്ളൈവുഡ് വ്യവസായത്തിന് അസംസ്കൃത വസ്തുക്കൾ സുലഭമാക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. പെരുമ്പാവൂരിൽ മാത്രം വ്യവസായികൾക്ക് പ്രതി വർഷം 6 കോടി മരങ്ങളാണ് വേണ്ടത്.
മലവേപ്പ്
മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നിങ്ങനെ പ്രാദേശികമായ പല പേരുകളുള്ള മരമാണിത്. കൃഷി ചെയ്താൽ റബറിനേക്കാൾ പരിപാലനച്ചെലവ് കുറവും മികച്ച വരുമാനവും ലഭിക്കും. തേക്ക്, മഹാഗണി പോലുള്ള മരങ്ങൾ വളർന്ന് പാകമെത്താൻ വർഷങ്ങളെടുക്കുമ്പോൾ നാലോ അഞ്ചോ വർഷം കൊണ്ട് മുറിച്ചെടുക്കാവും.പശ്ചിമഘട്ടത്തിൽ കൂടാതെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ മലവേപ്പിന്റെ കൃഷി വ്യാപകമാണ്.
ഏഴു വർഷം കൊണ്ട് 40 അടിയിലേറെ ഉയരവും നാല് അടിയിലധികം വണ്ണവും വയ്ക്കും. നട്ടുകഴിഞ്ഞ് 6 വർഷം കൊണ്ട് വിളവെടുത്തു തുടങ്ങാം. 10 വർഷംകൊണ്ട് നല്ല വരുമാനം നേടാം
ജോൺ ബാബു മേച്ചെങ്കര
യുവ കർഷകൻ
രണ്ടു വർഷം കൊണ്ട് 20 അടിവരെ ഉയരം വയ്ക്കും. 6 അടി അകലത്തിൽ നടുകയാണെങ്കിൽ ശിഖരങ്ങൾ ഒന്നും ഇല്ലാതെ നല്ല തടി ലഭിക്കും. തൈ ലഭിക്കേണ്ടവർ 9447736134, 9633091333 ബന്ധപ്പെടണം.
എം.എം. മുജീബ് റഹ്മാൻ
സോപ്മ പ്രസിഡന്റ്