• ഭക്തൻ വഴിപാടായി പണിത സ്റ്റേജ് പൊളിക്കണമെന്ന് ഉപദേശകസമിതി
കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര നാലമ്പലത്തിനുള്ളിലെ മേൽക്കൂര നിർമ്മാണം പുരോഗമിക്കുന്ന സ്റ്റേജിന്റെ തറ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രോപദേശകസമിതി ദേവസ്വം ബോർഡിന് കത്തുനൽകി. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള തറയിൽ വൃശ്ചികോത്സവകാലത്ത് മാത്രമാണ് പരിപാടികൾ അവതരിപ്പിക്കാറുള്ളത്. ഈ തറയ്ക്ക് മുകളിൽ മേൽക്കൂര വഴിപാടായി നിർമ്മിക്കാൻ ബംഗളൂരുവിലെ വ്യവസായിയായ ശ്രീജിത്ത് കൃഷ്ണൻ തയ്യാറായതിനെത്തുടർന്ന് ഉപദേശകസമിതിയും ദേവസ്വംബോർഡും തന്ത്രിയും തമ്മിലുണ്ടായ തർക്കങ്ങളുടെയും ഭിന്നതകളുടെയും പുതിയ 'എപ്പിസോഡാ"ണ് തറ പൊളിച്ചുനീക്കണമെന്ന ആവശ്യം.
അച്ഛനമ്മമാരുടെ വിവാഹവാർഷിക സ്മരണയ്ക്കായി സ്റ്റേജ് പണിത് സമർപ്പിക്കാൻ ശ്രമിച്ച ശ്രീജിത്ത് കൃഷ്ണന്റെ മാനസികവിഷമം മനസിലാക്കാൻ ബോർഡിനും സമിതിക്കും നേരമില്ല. അതിനിടെ ഉപദേശകസമിതിയുടെ കാലാവധിയും കഴിഞ്ഞു.
ദേവസ്വം ഉദ്യോഗസ്ഥർ തന്നെ നിർദ്ദേശിച്ചതാണ് ഈ വഴിപാട്. ദേവസ്വം ബോർഡിനും ദേവസ്വംമന്ത്രിക്കും പ്രധാനമന്ത്രിക്കുംവരെ പരാതി കൊടുത്തിട്ടും ഇതുവരെ തീരുമാനമൊന്നുമുണ്ടായില്ല. അതിനിടെയാണ് ഉപദേശകസമിതിയുടെ കാലാവധി തീരാൻ ദിവസങ്ങൾ ശേഷിക്കേ തറ പൊളിക്കണമെന്ന ആവശ്യവുമായി ദേവസ്വം ഓഫീസർക്ക് കത്ത് നൽകിയത്.
ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തന്ത്രി പങ്കെടുത്ത യോഗത്തിൽ തച്ചുശാസ്ത്രവിദഗ്ദ്ധൻ വേഴേപ്പറമ്പിൽ ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ അഭിപ്രായം മാനിച്ച് പ്രവർത്തനം തുടരാമെന്ന് തീരുമാനിച്ചതായാണ് മിനിട്സ് രേഖ. മിനിട്സിൽ ഒപ്പിടാൻ തന്ത്രി വിസമ്മതിക്കുന്നതായാണ് സൂചന.
സ്റ്റേജ് നിർമ്മാണം നാൾവഴി
* 2023 അവസാനമാസങ്ങളിലാണ് നിർമ്മാണം തുടങ്ങിയത്
* അഞ്ചരലക്ഷംരൂപയാണ് മേൽക്കൂര നിർമ്മിക്കാനുള്ള എസ്റ്റിമേറ്റ്.
* പണി പാതിവഴിയിലായപ്പോൾ ഉപദേശകസമിതിയുടെ എതിർപ്പ്.
* കൊച്ചിൻ ദേവസ്വംബോർഡിന്റെ അനുമതിയും തച്ചുശാസ്ത്ര വിദഗ്ദ്ധന്റെ അംഗീകാരവും ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടായിട്ടും പണിമുടങ്ങി.
* തന്ത്രിയുടെ അനുമതി ഇല്ലാത്തതിനാൽ പണി മുന്നോട്ടുകൊണ്ടുപോകരുതെന്നാണ് ക്ഷേത്രോപദേശകസമിതിയുടെ നിലപാട്.
* പണി നിലച്ചിട്ട് ആറുമാസമായി
ഭക്തനെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് ദേവസ്വം ബോർഡും ഉപദേശകസമിതിയും തന്ത്രിയും സ്വീകരിക്കുന്നത്. ക്ഷേത്രത്തിലെ പടലപ്പിണക്കങ്ങളൊന്നും അറിയാതെ പെട്ടുപോയതാണ്. മാതാപിതാക്കളുടെ പേരിൽ ചെയ്ത വഴിപാട് പൂർത്തിയാക്കാൻ കഴിയാത്തതിൽ വലിയ വിഷമമുണ്ട്. സ്റ്റേജ് പണിത് സമർപ്പിച്ചശേഷം പൊളിച്ചുകളഞ്ഞാലും വിരോധമില്ല.
ശ്രീജിത്ത് കൃഷ്ണൻ