trolling

കൊച്ചി: ട്രോളിംഗ് നിരോധനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും കനിയാതെ കടലമ്മ. ബോട്ടുകൾക്ക് ലഭിക്കുന്നത് കിളി മീനും അയലയും മാത്രമാണ് . കൂടിയ വിലയുള്ള കണവയും കിനാവള്ളിയും കിട്ടുന്നതാണ് ആശ്വാസം. അടുത്തയാഴ്‌ചയോടെ കടലിൽ മീൻലഭ്യത വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ 31ന് ട്രോളിംഗ് നിരോധനം അവസാനിച്ചെങ്കിലും ബോട്ടുകൾ പൂർണതോതിൽ കടലിൽ പോയിട്ടില്ല. ആദ്യദിവസങ്ങളിൽ കടലിൽപ്പോയ വലിയ ബോട്ടുകൾ ഒരാഴ്ച കഴിഞ്ഞേ തിരിച്ചെത്തൂ. പുറംകടലിൽ വലിയ ദൂരം സഞ്ചരിക്കുന്ന ബോട്ടുകൾക്ക് ലഭിക്കുന്ന മത്സ്യം സംബന്ധിച്ച് വ്യക്തതയില്ല. ചെറിയ ബോട്ടുകളാണ് കഴിഞ്ഞ ദിവസം കരയിൽ തിരിച്ചെത്തിയത്.

കിളി, അയല, ചെമ്മീൻ, ശീലാവ്, കൊഴുവ എന്നിവയാണ് ബോട്ടുകൾക്ക് കാര്യമായി ലഭിക്കുന്നത്. പേഴ്‌സീൻ വലകൾ ഉപയോഗിക്കുന്ന ബോട്ടുകൾക്കാണ് അയലയും കണവയും കാര്യമായി ലഭിച്ചത്. കയറ്റുമതിക്ക് ആവശ്യമായ കണവയും കിനാവള്ളിയും കൂടുതൽ ലഭിച്ചു. മികച്ച വിലയുള്ളതിനാൽ ആശ്വാസമാണെന്ന് ബോട്ട് തൊഴിലാളികൾ പറഞ്ഞു.

കൂടുതൽ ദൂരത്തിൽ മത്സ്യബന്ധം അടുത്തയാഴ്ച സജീവമാകും. മുഴുവൻ ബോട്ടുകളും കടലിലിറങ്ങുകയും ചെയ്യും. തമിഴ്നാട്ടുകാരുൾപ്പെടെ മത്സ്യത്തൊഴിലാളികൾ മുഴുവൻ തിരിച്ചെത്തിയിട്ടുമില്ല. എല്ലാവരും ഇറങ്ങുന്നതോടെ മത്സ്യലഭ്യത വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

മലയാളികൾക്ക് പ്രിയങ്കരമായ മത്തിയുടെ ലഭ്യത കഴിഞ്ഞ വർഷങ്ങളിൽ കുറഞ്ഞിരുന്നു. ട്രോളിംഗ് നിരോധനത്തിന് ശേഷം മത്തി കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. ട്രോളിംഗ് നിരോധനക്കാലത്ത് കൊച്ചി തീരത്തെ വള്ളങ്ങൾക്ക് മത്തി കാര്യമായി ലഭിച്ചില്ല. തമിഴ്നാട്ടിൽ നിന്നുള്ള മത്തിയാണ് കേരളത്തിൽ വില്പയ്ക്ക് എത്തിച്ചത്.

മത്സ്യബന്ധ ഹാർബറുകൾ

മുനമ്പം

വൈപ്പിൻ

തോപ്പുംപടി

ചെല്ലാനം

ബോട്ടുകൾ

കൊച്ചി മേഖല 550

വൈപ്പിൻ മേഖല 400

ലഭിക്കുന്ന വില

കണവ 400

കിനാവള്ളി 300

ശീലാവ് 400

ട്രോളിംഗിന് ശേഷമുള്ള തുടക്കം ശുഭകരമല്ല. അടുത്തയാഴ്‌ചയോടെ കടലിലെ സ്ഥിതി തിരിച്ചറിയാം

ചാൾസ് ജോർജ്

പ്രസിഡന്റ്

മത്സ്യത്തൊഴിലാളി ഐക്യവേദി

ബോട്ടുകൾ പൂർണമായി മത്സ്യബന്ധനം ആരംഭിക്കുന്നതോടെ നേട്ടമാകുമെന്നാണ് പ്രതീക്ഷ

പി.പി. ഗിരീഷ്

ബോട്ട് ഓണേഴ്സ് അസോസിയേഷൻ