ആലുവ: കർക്കടക മാസത്തിലെ അമാവാസി ശനിയാഴ്ച വൈകിട്ട് മുതൽ ഇന്നലെ വൈകിട്ട് വരെ ആയതിനാൽ തുടർച്ചയായ രണ്ടാം ദിവസവും പെരിയാർ തീരത്തേക്ക് ബലിതർപ്പണത്തിനായി ഭക്തജന പ്രവാഹം. ഇന്നലെയും ആലുവ മണപ്പുറത്തും അദ്വൈതാശ്രമത്തിലുമായി പതിനായിരങ്ങൾ തർപ്പണം ചെയ്തു. ഞായറാഴ്ച ആയതിനാലാണ് ഇന്നലെ ബലിതർപ്പണത്തിന് ഭക്തജനത്തിരക്കേറാൻ കാരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് ചടങ്ങുകൾ നടന്നത്. ആർച്ചക് പുരോഹിത് സഭയുടെ നേതൃത്വത്തിൽ മണപ്പുറത്ത് 50 ഓളം താത്കാലിക ബലിത്തറകൾ ഒരുക്കിയിരുന്നു. അദ്വൈതാശ്രമത്തിലും ഒരേസമയം അഞ്ഞൂറോളം പേർക്ക് തർപ്പണ സൗകര്യമുണ്ടായി.
നിയന്ത്രണങ്ങൾ കാരണം മണപ്പുറത്ത് ഇന്നലെയും പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃബലിയർപ്പിക്കാനായില്ല. ബലിയിട്ട ശേഷം ഭക്തർക്ക് ബലിപ്പിണ്ഡം പുഴക്കരയിൽ തന്നെ വയ്ക്കുകയായിരുന്നു. അദ്വൈതാശ്രമത്തിൽ നിയന്ത്രണങ്ങൾ ബാധകമായില്ല. ഇവിടെ പെരിയാറിൽ കുളിക്കാനും ബലി പിണ്ഡം പുഴയിലൊഴുക്കാനും കഴിഞ്ഞു.
കൊട്ടാരക്കടവിൽ നിന്നും മണപ്പുറത്തേക്കുള്ള പാലം പൊലീസ് അനാവശ്യമായി അടച്ചിട്ടത് ഇന്നലെയും ഭക്തരെ വലച്ചു. വിവേകമില്ലാത്ത നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടും പൊലീസ് കാര്യമാക്കാതെ രണ്ടാം ദിവസവും പൂട്ടിയിടുകയായിരുന്നു. ഉച്ചക്ക് ശേഷം പാലത്തിലെ നിയന്ത്രണം പിൻവലിക്കുകയും ചെയ്തു.