jovilin

പെരുമ്പാവൂർ: ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനായി 65000 ചതുരശ്ര അടി വിസ്തീർണമുള്ള പടു കൂറ്റൻ പന്തൽ ഒരുക്കി ശ്രദ്ധേയയായി ക്രിസ്ത്യൻ യുവതി. ചേലാമറ്റം ബലിക്കടവിൽ ഇത്തവണ പന്തലൊരുക്കിയത് ഒക്കൽ കാരിക്കോട് ചുള്ളി വീട്ടിൽ ജോവിലിന്റെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ നാലു വർഷമായി ഈ ക്ഷേത്രത്തിലെ കർക്കിടകവാവിന്റെയും ശിവരാത്രിയുടെയും പന്തലുകൾ ഏറ്റെടുത്തു നിർമ്മിക്കുന്നത് ജോവിലിന്റെ നേതൃത്വത്തിലുള്ള സീന ഡെക്കറേഷൻസ് ആണ്. ഇതിന്റെ അമരക്കാരനായിരുന്ന ഭർത്താവ് ജിൻസൺ കഴിഞ്ഞ വർഷം മരണമടഞ്ഞതോടെയാണ് ജോവിലിൻ നേതൃത്വം ഏറ്റെടുത്തത്. ഭർത്താവ് മരിച്ചതോടെ അമ്മയും പറക്കമുറ്റാത്ത മൂന്നു മക്കളും അടങ്ങുന്ന കുടുംബം പുലർത്താൻ മറ്റു വഴികൾ ഇല്ലാതെ വന്നപ്പോഴാണ് ജോവിലിൻ ഇതിന് തയാറായത്. ഒരു മാസത്തെ കഠിന പ്രയത്നം കൊണ്ടാണ് ഈ പടുകൂറ്റൻ പന്തൽ ഉയർന്നത്.
രണ്ടാം ക്ലാസിലും ഒന്നാം ക്ലാസിലും എൽ.കെ.ജി.യിലും പഠിക്കുന്ന മൂന്ന് കുട്ടികളുടെ അമ്മയായ ജോവിലിനെ സഹായിക്കാൻ ക്ഷേത്രം ഭാരവാഹികളും ഭർത്താവിന്റെ സഹോദരനും പിതാവും ടീമംഗങ്ങളായ ഷാന്റി, ഫ്രാൻസിസ്, സിലു, സിറാജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.