കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്തിലെ കൈപ്പിള്ളി വാർഡിൽ നിർമ്മാണം ആരംഭിച്ചിരിക്കുന്ന പശ കമ്പനിക്കെതിരെ വേങ്ങൂ‌‌‌ർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സമര പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ആരോപിച്ചു. വ്യവസായിക ആവശ്യത്തിന് സെക്യൂറ സിന്തൈറ്റ് എന്ന കമ്പനി കഴിഞ്ഞ മെയ് 15നാണ് കെട്ടിട നിർമ്മാണ പെർമിറ്റിന് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. ആദ്യഘട്ടത്തിൽ പരിശോധന നടത്തിയപ്പോൾ ഭൂമി സംബന്ധമായ ന്യൂനതകൾ ചൂണ്ടിക്കാണിച്ച് അപേക്ഷ നിരസിച്ചിരുന്നു. ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ച്, പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ എൻ.ഒ.സി സഹിതം തുടർന്ന് സമർപ്പിച്ച അപേക്ഷയിലാണ് ജൂൺ 11ന് പഞ്ചായത്ത് സെക്രട്ടറി കെട്ടിട നിർമ്മാണ അനുമതി നൽകിയത്. നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തേക്കുള്ള പൊതുവഴിയിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വാർഡ് മെമ്പർ നൽകിയ പരാതിയിൽ തുടർനടപടി സ്വീകരിക്കുവാൻ അസിസ്റ്റന്റ് എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റവന്യൂ ഭൂമിയിൽ കെട്ടിട നിർമ്മാണം നടത്താൻ പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയിട്ടില്ലെന്നും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും പൊളിച്ചു നീക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. എന്നാൽ നാട്ടിലെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി പഞ്ചായത്ത് ഭരണസമിതി പ്രസ്തുത കമ്പനിക്ക് പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകി എന്ന രീതിയിൽ തെറ്റായ പ്രചാരണം നടത്തി, ഭരണസമിതിയെ ആകെ അഴിമതിക്കാരാണ് എന്ന് ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്ന കമ്പനി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ബിൽഡിംഗ് പെർമിറ്റും അനുമതിയും നൽകിയ പഞ്ചായത്ത്‌ ഭരണസമിതിയുടെയും സെക്രട്ടറിയുടെയും നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ചും ഉപരോധവും നടത്തുമെന്ന് വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്