cjhelam
ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന പിതൃബലി തർപ്പണ ചടങ്ങുകൾ

പെരുമ്പാവൂർ: കർക്കിടക വാവുബലിക്ക് ഏറെ പ്രശസ്തമായ പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കിടകവാവ് ദിനമായ ശനിയാഴ്ചയും ഇന്നലെയും പിതൃമോക്ഷ പ്രാപ്തിക്കായുള്ള ബലിതർപ്പണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയത് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ. ശനിയാഴ്ച പുലർച്ചെ 1 മണിയോടെ ആരംഭിച്ച ബലിതർപ്പണം ഇന്നലെ ഉച്ച കഴിഞ്ഞും തുടർന്നു. ഒരേ സമയം 1000 പേർക്ക് ഇവിടെ ബലിയിടാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അതിനായി 65000 ചതുരശ്ര അടി വിസ്തീർണമുള്ള പടുകൂറ്റൻ പന്തലാണ് നിർമ്മിച്ചത്. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രക്കടവിൽ ബലിതർപ്പണങ്ങൾക്കായി അനേകം പുരോഹിതന്മാരെ നിയോഗിച്ചിരുന്നു. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തർക്ക് സൗജന്യമായി ക്ഷേത്രം ട്രസ്റ്റിന്റെ വക പ്രഭാത ഭക്ഷണവും ഉച്ചക്ക് പ്രസാദ ഊട്ടും ഒരുക്കിയിരുന്നു.