അങ്കമാലി: മഞ്ഞപ്രയിൽ കലങ്കുകൾ പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് ഇന്ദിരാഗാന്ധി കൾച്ചർ ഫോറം നൽകിയ നിവേദനത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തിലെ സെബിപുരം,ചന്ദ്രപ്പുര, ഗവ. ഹൈസ്കൂൾ, കരിങ്ങാലിക്കാട് എന്നീ പ്രദേശങ്ങളിലെ കലങ്കുകളാണ് കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലുള്ളത്. കലങ്കുകളുടെ പല ഭാഗങ്ങളും പൊട്ടി കോൺക്രീറ്റ് അടർന്ന് വീണ അവസ്ഥയിലാണ്. കലുങ്കുകൾ വീതി കൂട്ടി പൂർണമായി സംരക്ഷിക്കുക, കരിങ്ങാലിക്കാട് ഭാഗത്തെ കനാൽ അരിക് സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യത്തക്ക വിധം അപകടം ഇല്ലാത്ത രീതിയിൽ പുനർനിർമ്മിക്കുക. സെബി പുരം കൽവെർട്ടിന്റെ ഇരുഭാഗത്തും കൈവരികൾ നിർമ്മിക്കുക എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊതുമരാമത്ത് അധികൃതരെ ബോധ്യപ്പെടുത്തിയതായി കൾചറൽ ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള, ഷൈബി പാപ്പച്ചൻ, എം.ഇ. സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടിനു മോബിൻസ്, ഡി.കെ.ടി.എഫ് ബ്ലോക്ക് പ്രസിഡന്റ് ബിജു പോൾ, ഗ്രാമ പഞ്ചായത്തംഗം ഷമിത ബിജോ എന്നിവർ അറിയിച്ചു.