adivasi

കുറുപ്പംപടി: പരാതി പ്രളയവുമായി കാടിന്റെ മക്കൾ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് മുമ്പിൽ. ജില്ലയിലെ ഏക ആദിവാസി കോളനിയായ പൊങ്ങൻചുവട് ഊര് നിവാസികളാണ് ഇന്നലെ കൂവപ്പടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ടി അജിത് കുമാറിന് മുമ്പിൽ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അവതരിപ്പിച്ചത്. പല കാരണങ്ങളാൽ കൃഷി ചെയ്യാൻ സാധിക്കാതെ വന്നതോടെ തൊഴിൽ ഇല്ലാതെയായെന്ന് ഊരു നിവാസികൾ പരാതിപ്പെട്ടു.

ആകെയുള്ള ആശ്രയം തൊഴിലുറപ്പ് പദ്ധതി ആണ്. അതിനാൽ തൊഴിൽ ദിനങ്ങൾ കൂട്ടി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. തൊഴിൽ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം. ഊര് നിവാസികൾക്കായി സ്വയം തൊഴിൽ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പിലാക്കി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അടങ്ങിയ നിവേദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് സംഘം നൽകി.

ഊര് മൂപ്പൻ ശേഖരൻ, പട്ടിക വർഗ്ഗ പ്രൊമോട്ടർ സജി എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ പൊങ്ങൻചുവട് ഊരുകൾ സന്ദർശിക്കുമെന്നും ഇവരുടെ ആവശ്യങ്ങൾക്ക് ഉചിതമായ പരിഹാരം കാണുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു. ഉന്നത ഇടപെടൽ ആവശ്യമായ കാര്യങ്ങളിൽ അതിന് വേണ്ട നടപടികളും ബ്ലോക്ക് പഞ്ചായത്ത് സ്വീകരിക്കുമെന്നും പ്രസിഡന്റ്‌ എ.ടി. അജിത് പറഞ്ഞു.

കോളനിയിൽ ആനശല്യം അതിരൂക്ഷം കൃഷിയിടങ്ങളിൽ ആന ഇറങ്ങി വിളകൾ നശിപ്പിക്കുന്നു പല വീടുകളും ആനകളുടെ ആക്രമണത്തിൽ നശിച്ചു ആന ശല്യം ഒഴിവാക്കുവാൻ വൈദ്യുതിവേലിയും കിടങ്ങുകളും സ്ഥാപിക്കണം മഴക്കെടുതിയും ഊര് നിവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പരാതി

1.റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണം 2. കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കണം 3. നിലവിലുള്ള അങ്കണവാടി നവീകരണം.