notice

പെരുമ്പാവൂർ: മാലിന്യനിർമാർജ്ജന പദ്ധതി നിലവിൽ വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് മരിച്ചയാളുടെ പേരിൽ കൂവപ്പടി പഞ്ചായത്തിന്റെ ജപ്തി നോട്ടീസ്. കൂവപ്പടി പഞ്ചായത്ത് രണ്ടാം വാർഡിൽ ഔസേപ്പ് ചാക്കപ്പൻ എന്നയാൾ 2018 ൽ മരണമടഞ്ഞതാണ്. അദ്ദേഹത്തിന്റെ സ്ഥലവും വീടും അതിന് നാല് വർഷം മുമ്പ് തന്നെ വിറ്റിട്ടുള്ളതുമാണ്. ഈ സ്ഥലത്ത് ആന്റണി അനൂപ് എന്ന വ്യക്തി 2020ൽ വീട് പണിത് താമസമാക്കിയിട്ടുള്ളതുമാണ്. 2022 ൽ പ്രാബല്യത്തിൽ വന്ന മാലിന്യനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ഗ്രീൻ കാർഡ് അദ്ദേഹത്തിന് ലഭിക്കുകയും പണം അടയ്ക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാൽ 2023 ഒക്ടോബർ മാസം തുടങ്ങി 2024 മേയ് മാസം വരെ 50 രൂപ വീതം 400 രൂപയും അതിന്റെ പലിശയിനത്തിൽ 30 രൂപ അടക്കം 430 രൂപ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്നു പറഞ്ഞുള്ള നോട്ടീസ് വർഷങ്ങൾക്ക് മുമ്പേ വീട് മാറി താമസിച്ച ഔസേപ്പ് ചാക്കപ്പന്റെ മകന് കൊടുത്തിരിക്കുകയാണ് ഇപ്പോൾ.

കൃത്യമായി ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാതിരിക്കുകയും അവർ പറയുന്ന ലിസ്റ്റ് പൂർണമായും അംഗീകരിച്ച് തുക നൽകുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി കൂവപ്പടി കമ്മിറ്റി ആവശ്യപ്പെട്ടു.