siddique

കൊച്ചി: ആസ്വാദകരെ ചിരിയിലാറാടിച്ച സംവിധായകൻ സിദ്ദിഖിന്റെ ഓർമ്മകൾക്ക് നഗരത്തിന്റെ സ്നേഹപ്രണാമം. ഒന്നാം ചരമവാർഷികത്തിൽ സംഘടിപ്പിച്ച അനുസ്‌മരണത്തിൽ ഗുരുനാഥൻ പ്രൊഫ.എം.കെ. സാനു ഉൾപ്പെടെ ഓർമ്മകൾ പങ്കുവച്ചു.

തന്റെ ദൗത്യം എന്താണെന്ന് കാലേക്കൂട്ടി തിരിച്ചറിയുകയും മുന്നേറുകയും ചെയ്ത വ്യക്തിയാണ് സിദ്ദിഖെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. എപ്പോഴും ചിരിച്ചിരുന്ന അദ്ദേഹത്തിന് മറ്റുള്ളവരെ ഉറക്കെ ചിരിപ്പിക്കാനും കഴിവുണ്ടായിരുന്നു. സ്നേഹവും പ്രത്യാശയും ഫലിപ്പിച്ചാണ് കടന്നുപോയത്. ജീവിതത്തെ പ്രസാദാത്മകമായി കാണാനും കഴിഞ്ഞിരുന്നെന്ന് സാനു പറഞ്ഞു.

വളർച്ചയിലും വിജയങ്ങളിലും സാധാരണത്വം കാത്തുസൂക്ഷിച്ച വ്യക്തിയാണ് സിദ്ദിഖെന്ന് അനുസ്‌മരണം നടത്തിയ മാദ്ധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് പറഞ്ഞു. സിനിമിലെ വിജയങ്ങൾ അസാമന്യപരിവേഷം സൃഷ്‌ടിക്കുമ്പോൾ വ്യക്തികളുടെ രീതികൾ മാറാം. വൻവിജയങ്ങളിലും സിദ്ദിഖ് സ്യത്വവും സാധാരണത്വവും കാത്തുസൂക്ഷിച്ചു. വെല്ലുവിളികൾ സിനിമയിൽ പലവിധത്തിൽ നേരിട്ടപ്പോഴും സാധാരണ മനുഷ്യനായി കഴിയാൻ സാധിച്ചത് സിദ്ദിഖിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു.

സിദ്ദിഖ് സ്‌മാരക പുരസ്‌കാരഫലകം എം.കെ. സാനുവിന് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റയും അരലക്ഷം രൂപ ഹൈബി ഈഡൻ എം.പിയും സമർപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ പൊന്നാട അണിയിച്ചു.

പത്രപ്രവർത്തകൻ പി.എ. മെഹബൂബ് രചിച്ച സിദ്ദിഖ് ചിരിയുടെ രസതന്ത്രം എന്ന പുസ്‌തകം ഹൈബി ഈഡൻ എം.പി നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ. ജഹാംഗീറിന് നൽകി പ്രകാശനം ചെയ്തു.

കലാഭവൻ പ്രസിഡന്റ് ഡോ. ചെറിയാൻ കുനിയന്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ. ജയശങ്കർ, ടി.എസ്. പ്രസാദ്, വർക്കിച്ചൻ പേട്ട, കലാഭവൻ റഹ്മാൻ, എൻ. ജഹാംഗീർ, ബേണി, ചാൾസ് ഡയസ്, തമ്പാൻ തോമസ്, ജസ്റ്റിസ് പി.എസ് ഗോപിനാഥ്, ജസ്റ്റിസ് ബാബു മാത്യു, ഔസേപ്പച്ചൻ, മമ്മി സെഞ്ച്വറി തുടങ്ങിയവർ പങ്കെടുത്തു.