sea

ആമയും മുയലും പന്തയം വച്ച് ഓടിയതും ആമ ജയിച്ചതും പഴങ്കഥ. ഇപ്പോൾ മത്സരം ആമയും ചെമ്മീനുമായാണ്! ജയിച്ചത് ആരെന്നറിയില്ല; പക്ഷേ, തോറ്റുപോയത് നമ്മുടെ മത്സ്യ മേഖലയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ കേരളതീരം അക്ഷരാർത്ഥത്തിൽ വറുതിയിലായിരുന്നു. ഭൂരിഭാഗം ബോട്ടുകാരും വള്ളക്കാരും വെറുംകയ്യോടെ മടങ്ങി. തെക്കുപടിഞ്ഞാറൻ കാലവർഷം വന്നാൽ ലഭിച്ചേക്കാവുന്ന ചെമ്മീനും മത്തിയുമായിരുന്നു പ്രതീക്ഷ. ചെമ്മീൻ ചതിച്ചില്ല. പക്ഷേ,​ 180 - 200 രൂപ നിരക്കിൽ തുടക്കത്തിൽ വിറ്റ ചെമ്മീനിന്റെ വില പെട്ടെന്ന് ഇടിഞ്ഞ് 50 രൂപയിലും താഴേയ്ക്ക് കൂപ്പുകുത്തി. അമേരിക്ക കടൽച്ചെമ്മീൻ വാങ്ങുന്നത് നിറുത്തിയിട്ട് അഞ്ചു വർഷമായെന്നും,​ അതുകൊണ്ട് മറ്റു രാജ്യങ്ങൾ വില കുറച്ചെന്നും,​ ജപ്പാനിലെ സാമ്പത്തിക പ്രതിസന്ധി കാരണം അവരും ചെമ്മീൻ വാങ്ങുന്നതിന്റെ അളവ് കുറച്ചെന്നും പാവം മത്സ്യത്തൊഴിലാളികൾ അറിഞ്ഞത് അപ്പോൾ മാത്രം. കടലാമയാണത്രെ കഥയിലെ വില്ലൻ!

ഇന്ന് ലോകത്തുള്ള ഏഴിനം കടലാമകളിൽ ആറെണ്ണം വംശനാശ ഭീഷണി നേരിടുന്നതും, ഒരെണ്ണം ഏറക്കുറെ വംശനാശത്തിലെത്തി നിൽക്കുന്നതുമാണ്. ഇതിൽ ഒലിവ് റെഡ്‌ലി, ഗ്രീൻ, ഹോവ്ക്‌സ്ബിൽ, ലോഗർ ഹെഡ്, ലതർ ബാക്ക് എന്നിവ ഇന്ത്യൻ സമുദ്രമേഖലയിൽ കാണുന്നവയാണ്. ഇവയിൽ നാലെണ്ണം ഇന്ത്യൻ തീരങ്ങളിൽ വന്ന് മുട്ടയിടുന്നവയുമാണ്. ലോകത്തിലെ മൊത്തം ഒലിവ് റെഡ്‌ലി ആമകളുടെ അമ്പതു ശതമാനം ഇന്ത്യയുടെ കിഴക്കൻ കടലിലാണ് കാണുന്നത്. ഒഡിഷ തീരത്താണ് ഇവ കൂട്ടമായി മുട്ടയിടാൻ എത്തുന്നത്.

ആമയ്‌ക്കായി

യു.എസ് 'ടെഡ്"

മാംസത്തിനായും തോടിനു വേണ്ടിയും നിയമവിരുദ്ധമായി കടലാമകളെ കൊല്ലുന്ന പ്രദേശങ്ങൾ മദ്ധ്യ അമേരിക്കയിലും ഏഷ്യയിലുമുണ്ട്. കടലാമകളുടെ ആവാസസ്ഥലം നശിപ്പിക്കപ്പെടുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങളും ജലമലിനീകരണവുമാണ് മറ്റൊരു ഭീഷണി. ഉപേക്ഷിക്കപ്പെട്ട വലകളിൽ കുടുങ്ങിയും മത്സ്യബന്ധന ഉപകരണങ്ങളിൽപ്പെട്ടും ലക്ഷക്കണക്കിന് കടലാമകൾ ചത്തുപോകുന്നതായി പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആകസ്മികമായി ആമകൾ ചെമ്മീൻ ട്രോൾ വലകളിൽ അകപ്പെടുന്നത് തടയാനാണ് ആമയെ ഒഴിവാക്കുന്ന ഉപകരണമായ 'ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്" (ടെഡ് ) അമേരിക്ക വികസിപ്പിച്ചത്.

എഴുപതുകളിൽ അമേരിക്ക വികസിപ്പിച്ചെടുത്ത 'ടെ‌ഡ്"പലതവണ പരിഷ്‌കരിച്ചതിനു ശേഷം 1987-ൽ ചെമ്മീൻ ട്രോൾ വലകളിൽ നിർബന്ധമാക്കി. പ്രതിഷേധങ്ങളുടെയും നിയമനടപടികളുടെയും പശ്ചാത്തലത്തിൽ ഇവ പ്രായോഗിക തലത്തിൽ വന്നത് 1989-ൽ മാത്രമാണ്. മറ്റു മത്സ്യങ്ങളോ മാലിന്യമോ ഇല്ലാതെ ചെമ്മീൻ മാത്രമായി ലഭിക്കും എന്നതിനാലാണ് 'ടെ‌ഡ്" ഉപയോഗിക്കാൻ മത്സ്യത്തൊഴിലാളികൾ തയ്യാറായത് എന്നൊരു വാദവുമുണ്ട്. എങ്കിലും,​ അമേരിക്കയിലേക്ക് ചെമ്മീൻ ഇറക്കുമതി ചെയ്യുന്ന മുഴുവൻ രാജ്യങ്ങളുടെയും ചെമ്മീൻ ട്രോൾ വലകളിൽ 'ടെ‌ഡ്" നിർബന്ധമാക്കണമെന്നാണ് അമേരിക്കയുടെ കടുംപിടിത്തം. തുടർന്ന്,​ അമേരിക്കയുടേതിനു തുല്യമായ കടലാമ സംരക്ഷണ പദ്ധതി നടപ്പാക്കുന്ന രാജ്യങ്ങൾക്കും,​ നിയമപ്രകാരം 'ടെ‌ഡ്" നിർബന്ധമാക്കിയ രാജ്യങ്ങളിൽ നിന്നും മാത്രമേ അമേരിക്കയിലേക്ക് ചെമ്മീൻ ഇറക്കുമതി ചെയ്യാൻ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്തു. കടലാമകളില്ലാത്ത കടലിൽ നിന്നു പിടിക്കുന്ന ചെമ്മീനുകളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

നിരോധനം

വന്ന വഴി

1996-ലെ അമേരിക്കയുടെ ഈ ഉത്തരവിനെ ഇന്ത്യ, പാകിസ്ഥാൻ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങൾ അന്താരാഷ്ട്ര വിപണന സംഘടനയിൽ ചോദ്യം ചെയ്തു. ഒരു രാജ്യത്തിന്റെ നയങ്ങൾ മറ്റു രാജ്യങ്ങളും പിന്തുടരണമെന്ന് വാശിപിടിക്കുന്നത് ഗാട്ട് കരാറിന് എതിരാണെന്നായിരുന്നു പ്രധാന വാദം. ഉത്തരവ് നടപ്പാക്കുന്നതിന് കാലതാമസം വന്നു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. 2018 മേയ് മാസത്തിലാണ് ഇന്ത്യയിലെ മത്സ്യബന്ധന രീതി കടലാമകളെ സംരക്ഷിക്കുന്നതല്ല എന്ന കണ്ടെത്തലിന്റെ വെളിച്ചത്തിൽ ഇന്ത്യയിൽ നിന്നുള്ള കടൽച്ചെമ്മീൻ ഇറക്കുമതി അമേരിക്ക അവസാനിപ്പിച്ചത്.

ആമയിറച്ചി ഭക്ഷിക്കുന്നതിന് എതിരാണ് ഇന്ത്യൻ സംസ്‌കാരം. ഹിന്ദുക്കൾക്ക് ആമ ദൈവത്തിന്റെ അവതാരമാണ് (കൂർമ്മം). മുസ്ലിങ്ങൾക്ക് ഹറാമാണ്. ക്രിസ്ത്യാനികൾക്കും ആദിവാസികൾക്കും ആമയിറച്ചിയോട് പ്രിയവുമില്ല. കൊച്ചിയിൽ വേമ്പനാടിന്റെ തീരത്ത് ആമയെ ആരാധിക്കുന്ന ക്ഷേത്രം പ്രസി​ദ്ധമാണ്. ഇന്ത്യയുടെ വന്യമൃഗ സംരക്ഷണ നിയമം (1972) അനുസരിച്ച്, സംരക്ഷണം ഏർപ്പെടുത്തിയ ജീവികളുടെ ഒന്നാം പട്ടികയിലാണ് ആമയുടെ സ്ഥാനം. ബംഗാൾ, ഒഡിഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ അവരുടെ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് ട്രോൾ വലകളിൽ 'ടെഡി"ന്റെ ഉപയോഗം നിർബന്ധിതമാക്കി. ദൂരപരിധിയിൽ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസമുണ്ടെങ്കിലും തീരത്തോടടുത്തുള്ള കടലിൽ ട്രോൾ വലകൾ ഉപയോഗിക്കുന്നത് ഇന്ത്യ വിലക്കിയിട്ടുണ്ട്.

കടലാമകൾ അവയുടെ ജീവിതചക്രത്തിന്റെ 90 ശതമാനവും പുറംകടലിലാണ് വസിക്കുന്നത്. പെൺ ആമകൾ മാത്രം മുട്ടയിടാൻ കരയിലേക്കു വരും. ഇന്ത്യയിൽ 90 ശതമാനം ആമകളും മുട്ടയിടാനെത്തുന്നത് ഒഡിഷ തീരത്താണ്. അതുകൊണ്ടുതന്നെ തീരത്തോടു ചേർന്ന് കടലിൽ സമ്പൂർണ മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനമാണ് ഒഡിഷ. പൊതുവെ, ആമകൾ മുട്ടയിടാനെത്തുന്ന കടൽത്തീരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്. കേരളത്തിൽ മാത്രം 52-ഓളം ഇടങ്ങളിൽ ആമകൾ മുട്ടയിടാനെത്തുന്നു. സർക്കാർ സംവിധാനത്തിനു പുറമേ, അതത് പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ്മയും സംഘടനകളുമാണ് ആമ സംരക്ഷണത്തിന് നേതൃത്വം നൽകുന്നത് (നെയ്തൽ, തീരം, ഗ്രീൻ ഹാബിറ്റാറ്റ് എന്നിവ ചില ഉദാഹരണങ്ങൾ).

സംരക്ഷണത്തിൽ

നമ്മൾ പിന്നിലല്ല

ഇന്ത്യയിൽ മത്സ്യ, മത്സ്യേതര വിഭവങ്ങളുടെ ജൈവാംശം കണക്കാക്കുന്നതിന് ഉത്തരവാദപ്പെട്ട സ്ഥാപനം ഫിഷറി സർവേ ഒഫ് ഇന്ത്യയാണ്. 1946 മുതൽ ഇന്ത്യയുടെ സമുദ്രമേഖലയിൽ പഠനം നടത്തുന്ന ഈ സ്ഥാപനം ഇതുവരെ ചെമ്മീൻ ട്രോൾ വലകളിൽ, ലക്ഷ്യം വയ്ക്കാതെ പിടിക്കപ്പെടുന്ന മത്സ്യേതര വിഭവങ്ങളുടെ കൂട്ടത്തിൽ കടലാമകളെ രേഖപ്പെടുത്തിയിട്ടില്ല. കർണാടക, ഗുജറാത്ത് എന്നീ തീരക്കടലുകളിൽ സി.എം.എഫ്.ആർ.ഐയും സി.ഐ.എഫ്.ടിയും നടത്തിയ പഠനങ്ങളിൽ ചെമ്മീൻ ട്രോൾ വലകളിൽ കടലാമകൾ ആകസ്മികമായി പിടിക്കപ്പെടുന്നില്ല എന്നു രേഖപ്പെടുത്തി. ബംഗാൾ, ആന്ധ്ര തീരക്കടലുകളിൽ വെറും അര ശതമാനത്തിൽ താഴെ മാത്രമേ ആമകൾ വലയിൽ അകപ്പെട്ടിട്ടുള്ളൂ. കടലാമകളുടെ സംരക്ഷണത്തിൽ ലോകരാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ ഒട്ടും പിറകിലല്ല എന്നു തെളിയിക്കുന്നതാണ് ഇത്തരം വസ്തുതകൾ.

ചെമ്മീനിന്റെ വാണിജ്യ പ്രാധാന്യം കണക്കിലെടുത്താണ് അവയെ 'പിങ്ക് സ്വർണം" എന്നു വിളിക്കുന്നത്. ഇന്ത്യയിൽ കാണുന്ന 121 ചെമ്മീൻ ഇനങ്ങളിൽ പതിനഞ്ചോളം ഇനങ്ങൾ വാണിജ്യ പ്രാധാന്യമുള്ളവയാണ്. ഇന്ത്യയിൽ പിടിച്ചെടുക്കുന്ന സമുദ്ര വിഭവങ്ങളുടെ പത്ത് ശതമാനത്തോളമാണ് ചെമ്മീനിന്റെ സംഭാവന. വില കണക്കാക്കിയാൽ ലോകത്തിലെ സമുദ്ര വിഭവങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വാണിജ്യ പ്രാധാന്യമുള്ളവയാണ് ചെമ്മീൻ. ഇന്ത്യയുടെ പടിഞ്ഞാറൻ തീരക്കടലിൽ നിന്നാണ് 82 ശതമാനത്തോളം ചെമ്മീനും പിടിച്ചെടുക്കുന്നത്. കയറ്റുമതി ചെയ്യപ്പെടുന്ന 'പിനെഡെ" വിഭാഗത്തിൽപ്പെടുന്ന കടൽച്ചെമ്മീനിന്റെ നാലിലൊന്നു ഭാഗം കേരളത്തിന്റെ തീരക്കടലിൽ നിന്നാണ്. ഇന്ത്യയിൽ സമുദ്രോത്പന്ന കയറ്റുമതിയിൽ നിന്നുള്ള വരുമാനത്തിന്റെ 66 ശതമാനവും ചെമ്മീനിലൂടെയാണ്. നമ്മുടെ സമുദ്രോത്പന്ന കയറ്റുമതി വരുമാനത്തിന്റെ മൂന്നിലൊന്നും അമേരിക്കയിൽ നിന്നാണ് താനും. അതുകൊണ്ടുതന്നെ,​ ചെമ്മീൻ കയറ്റുമതിയിൽ തുടരുന്ന പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതാണ്.

(നാളെ അവസാനിക്കും)

(കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനിയറിംഗ്

ഡീൻ ഇൻ ചാർജും,​ ഫിഷറീസ് റിസോഴ്സ് മാനേജ്‌മെന്റ് വകുപ്പ് തലവനുമാണ് ലേഖകൻ. ഫോൺ: 97695 86759 )