മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ ദുരന്തത്തിന് കാരണമാകുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിന് മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകിയത് കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്നും ഹയർ സെക്കൻഡറി മേഖലയുടെയും ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെയും തകർച്ചയ്ക്ക് തുടക്കമിടുന്ന റിപ്പോർട്ട് പിൻവലിക്കണമെന്നും ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ നേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു. എട്ട് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളെ എകീകരിച്ച് സെക്കൻഡറി സ്കൂൾ എന്ന കാഴ്ചപ്പാട് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണമാകുമെന്ന് യോഗം വിലയിരുത്തി. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ ജില്ലയിലെ മുഴുവൻ അദ്ധ്യാപകരേയും അണിനിരത്തി സമര നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകും. 7ന് വൈകിട്ട് 3ന് എറണാകുളം ആർ.ഡി .ഡി ഓഫീസിന് മുമ്പിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് കത്തിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. 24ന് മൂവാറ്റുപുഴയിൽ ഹയർ സെക്കൻഡറി സംരക്ഷണ കൺവൻഷനും അദ്ധ്യാപക മാർച്ചും സംഘടിപ്പിക്കും. നേതൃയോഗം സംസ്ഥാന സമിതി അംഗം കെ.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. എസ് .സന്തോഷ് അദ്ധ്യക്ഷനായി. കൺവീനർ ഇ.ആർ. ബിനു, ട്രഷറർ സിനോജ്‌ ജോർജ് എന്നിവർ പ്രസംഗിച്ചു.