കോലഞ്ചേരി: ചൂണ്ടി രാമമംഗലം റോഡിലെ ചപ്പാത്ത് നിർമാണം വൈകുന്നത് അപകട ഭീഷണിയാകുന്നു. ഉന്നത നിലവാരത്തിൽ പൂർത്തിയായ റോഡിലൂടെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോഴാണ് തകർന്ന ഭാഗം കാണാൻ കഴിയുന്നത്. പെട്ടെന്ന് ബ്രേക്കിടുകയോ വെട്ടിച്ചുമാ​റ്റുകയോ ചെയ്യുമ്പോഴാണ് അപകടമുണ്ടാകുന്നത്. ചൂണ്ടി കുടിവെള്ള ശുദ്ധീകരണ പ്ലാന്റിലേക്ക് കൂടുതൽ ജലമെത്തിക്കുന്നതിനായി പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിച്ച റോഡാണിത്. എന്നാൽ വെള്ളക്കെട്ട് രൂപപ്പെടുന്ന പെരുമ്പായിപ്പടി, ബ്ലായിപ്പടി ഉൾപ്പെടെ ഭാഗങ്ങളിൽ കലുങ്കുകൾ നിർമിക്കേണ്ടതിനാൽ ഈ ഭാഗത്ത് ടാറിംഗ് ഒഴിവാക്കിയിരുന്നു . ഈ ഭാഗത്തെ ആഴമുള്ള കുഴികളിൽ കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളുടെ അടിഭാഗം തട്ടുന്നുണ്ട്. ടാറിംഗ് ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.