1

മട്ടാഞ്ചേരി: പ്ലസ് വൺ മുതലുള്ള ഉപരിപഠനത്തിന് പാഠപുസ്തകങ്ങൾ വാങ്ങാൻ പണമില്ലാതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവാൻ പുത്തനാശയവുമായി മട്ടാഞ്ചേരി സ്വദേശി കോയ മണിയും സുഹൃത്തുക്കളും. പ്ളസ് വൺ മുതൽ ഉപരി പഠനത്തിന് സഹായകമാകുന്ന എല്ലാ പാഠപുസ്തകങ്ങളും സംസ്ഥാനത്തിന്റെ ഏത് ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നിർധനരായ വിദ്യാർഥികൾക്ക് ലോൺ മാതൃകയിൽ നൽകുന്നതാണ് രീതി. ടീം ഹാജീസ എഡ്യൂക്കേഷൻ വിങ് 83,84,85 ബാച്ചിലെ അംഗങ്ങളാണ് ഇതിൽ അണി ചേർന്നിട്ടുള്ളത്. അഡ്വ.പി.കെ നവാസ് ആണ് ആശയം കൊണ്ടുവന്നത്. വിജയകരമായി പ്രാവർത്തികമാക്കിയത് കോയ മണി, എം.എം അയൂബ് എന്നിവരും. പഠനം കഴിഞ്ഞാൽ ഈ പുസ്തകങ്ങൾ മറ്റൊരു കുട്ടിക്ക് പ്രയോജനപ്പെടുന്നതിനായി തിരികെ നൽകണമെന്നത് മാത്രമാണ് വ്യവസ്ഥ. കോയ മണിയുടെ വീട്ടിൽ തന്നെ പുസ്തക ശേഖരണത്തിന് പ്രത്യേകം ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ ആവശ്യമുള്ളവരും പുസ്തകങ്ങൾ നൽകാൻ താത്പര്യമുള്ളവരും വിളിക്കേണ്ട നമ്പർ: 88916 28366.

സാധാരണക്കാരനായ ഞാൻ ഏറെ പ്രയാസപ്പെട്ടാണ് മകൾ മർഫിയെ പഠിപ്പിച്ച് ഡോക്ടറാക്കിയത്. അർഹതപ്പെട്ട കുട്ടികൾക്ക് അവസരങ്ങൾ നഷ്ടമാകാതിരിക്കാനാണ് ലോൺ എ ബുക്ക് പദ്ധതി നടപ്പിലാക്കുന്നത്. നിരവധി കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്

കോയ മണി