ചെറുതുരുത്തി: ഭാരതപ്പുഴയിൽ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി. ചെറുതുരുത്തി പുതുശ്ശേരി മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപമുള്ള കടവിലാണ് അന്യസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം പുഴയിൽ മീൻ പിടിക്കാൻ വലയെറിഞ്ഞ തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു.
ഉടൻ ചെറുതുരുത്തി പൊലീസിനെയും ഫയർ ആൻഡ് റെസ്‌ക്യൂ ടീമിനെയും വിവരം അറിയിച്ചെങ്കിലും എത്തുമ്പോഴേക്കും മൃതദേഹം വലയുമായി ഒഴുകിപ്പോയി. ഫയർഫോഴ്‌സ് രണ്ടുമണിക്കൂറോളം ഭാരതപ്പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് ആറോടെ മിത്രാനന്ദപുരം ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ നാട്ടുകാർ വലയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എറണാകുളം കിഴക്കമ്പലം കിറ്റെക്‌സിലെ ജീവനക്കാരനാണ്. മൃതദേഹത്തോടൊപ്പം ഐ.ഡി കാർഡും ഫോണും കിട്ടിയിട്ടുണ്ട്.
ആന്റനുഷ് ഇക്ക എന്നാണ് തിരിച്ചറിയൽ കാർഡിലെ പേര്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.