അഖിലേന്ത്യാതലത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്‌സി നഴ്‌സിംഗ് കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് യു.ജി കൗൺസലിംഗ് 14-ന് ആരംഭിക്കും. അഖിലേന്ത്യ ക്വാട്ട 15 ശതമാനം സീറ്റുകൾ, ഡീംഡ് യൂണിവേഴ്സിറ്റി, ഇ.എസ്.ഐ, ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജുകളിലേക്ക് ഓപ്ഷൻ നൽകാം. ആദ്യറൗണ്ട് രജിസ്ട്രേഷൻ 14 മുതൽ 21 വരെയാണ്. 16 മുതൽ 20 വരെ ചോയ്‌സ് ഫില്ലിംഗ് നടത്താം. 23 ന് ആദ്യറൗണ്ട് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 24 മുതൽ 29 വരെ ഫീസടച്ച് കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം. രണ്ടാം റൗണ്ട് രജിസ്‌ട്രേഷൻ സെപ്തംബർ 4, 5 തീയതികളിലാണ്. 14 മുതൽ 20 വരെ റിപ്പോർട്ട് ചെയ്യാം.
രാജ്യത്തെ 710 മെഡിക്കൽ കോളേജുകളിലായി 1.10 ലക്ഷം എം.ബി.ബി.എസ് സീറ്റുകളുണ്ട്. മൂന്ന് റൗണ്ട് കൗൺസലിംഗിന് പുറമെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രെ റൗണ്ട് കൗൺസലിംഗും ഉണ്ടാകും.
അടിസ്ഥാനം നീറ്റ് റാങ്കിംഗ്
നീറ്റ് പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക്ലിസ്റ്റിൽ നിന്നാണ് എം.ബി.ബി.എസ്, ബി.ഡി.എസ്, അനുബന്ധ ആരോഗ്യ- കാർഷിക- വെറ്ററിനറി കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കുന്നത്. കേന്ദ്ര സർവകലാശാലകൾ, ജിപ്മെർ പുതുച്ചേരി, എ.എഫ്.എം.എസ് എന്നിവയുടെ കീഴിലുള്ള നഴ്സിംഗ് കോളേജുകളിൽ ബി.എസ്‌സി നഴ്സിംഗ് പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, കസ്തൂർബ ഹോസ്പിറ്റൽ, സെന്റ് സ്റ്റീഫൻസ്, സഫ്ദർജംഗ്, ഫ്ലോറെൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ട്, എ.എഫ്.എം.സിയുടെ കീഴിലുള്ള ആറ് നഴ്സിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ ബി.എസ്‌സി നഴ്സിംഗ് പ്രവേശനവും നീറ്റ് റാങ്ക് വഴിയാണ്. ജിപ്മെറിൽ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സ് പ്രവേശനവും നീറ്റ് വഴിയാണ്. മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ വെബ്സൈറ്റിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും. www.mcc.nic .in
ശ്രദ്ധിക്കാൻ
.........................
മുൻ വർഷങ്ങളിലെ റാങ്ക് വിലയിരുത്തി ഏത് കോഴ്‌സിനാണ് അഡ്‌മിഷൻ ലഭിക്കാൻ സാദ്ധ്യതയെന്നു മനസിലാക്കാമെങ്കിലും ഈ വർഷം മാർക്കിലും റാങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് വലിയ അന്തരമുണ്ടെന്ന് വിദ്യാർത്ഥികൾ മനസിലാക്കണം.
അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിൽ 27% ഒ.ബി.സിക്കും 10% സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സംവരണമാണ്.
സംസ്ഥാന നോട്ടിഫിക്കേഷൻ
...........................................
സംസ്ഥാനതല കൗൺസലിംഗ്, അലോട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് അതത് സംസ്ഥാനങ്ങളാണ് നോട്ടിഫിക്കേഷൻ പുറത്തിറക്കുക. കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറും (www.cee.kerala.gov.in ), കർണാടകയിൽ കർണ്ണാടക എക്സാമിനേഷൻ അതോറിറ്റിയും, പുതുച്ചേരിയിൽ സെന്റാക്കും കൗൺസലിംഗ് നടത്തും.