vallam

കൊച്ചി: ചാമ്പ്യൻസ് ലീഗ് ബോട്ട് റേസിൽ (സി.ബി.എൽ) അനിശ്ചിതത്വം തുടരുമ്പോഴും പ്രതീക്ഷ കൈവിടാതെ കൊച്ചി. ലീഗിന്റെ സമാപന വേദി മറൈൻ ഡ്രൈവാക്കാനുള്ള തീവ്രശ്രമത്തിലാണ് അണിയറ പ്രവർത്തകർ. കഴിഞ്ഞവർഷം സെപ്തംബർ 17ന് കൊച്ചിയിലെ മത്സരവള്ളം കളിയോടെയായിരുന്നു സി.ബി.എല്ലിന് തുടക്കമായത്. നെഹ്റുട്രോഫി വള്ളം കളി കഴിഞ്ഞാലുടൻ സി.ബി.എൽ നടക്കേണ്ടതായിരുന്നു. എന്നാൽ, വയനാട് ദുരന്ത പശ്ചാത്തലത്തിൽ നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബറിലേക്ക് നീട്ടിയതാണ് സി.ബി.എൽ അനിശ്ചിതത്വത്തിലാകാൻ കാരണം. സി.ബി.എല്ലി​ന് ഒരുക്കം ഇതുവരെ തുടങ്ങിയിട്ടില്ല. ഈ വർഷവും സി.ബി.എൽ നടത്തുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചിരുന്നെങ്കിലും ടെക്‌നിക്കൽ കമ്മിറ്റി ചേർന്ന് പ്രാഥമിക ചർച്ച പോലും നടത്താത്തത് ചുണ്ടൻവള്ള സമിതികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. നെഹ്രു ട്രോഫിയിൽ ആദ്യ 9 സ്ഥാനങ്ങളിലെത്തുന്ന ചുണ്ടൻ വള്ളങ്ങൾക്കു ബോണസ് നൽകുന്നതും സമ്മാനം നൽകുന്നതും സി.ബി.എല്ലിൽ നിന്നാണ്

വേണം ഒരുക്കം

2022ൽ മത്സരങ്ങൾക്ക് ഒരാഴ്ച മുമ്പ് 20 ലക്ഷം രൂപ ചെലവാക്കി മണൽ നീക്കിയെങ്കിലും കോരിയെടുത്ത ചെളി കായലിന്റെ ഒരു ഭാഗത്ത് തന്നെ നിക്ഷേപിച്ചു. വേലിയിറക്കത്തിൽ മത്സരത്തിന് മുമ്പ് തന്നെ ചെളിയും മണ്ണും വീണ്ടും മത്സര ട്രാക്കിലെത്തിയത് അന്ന് തിരിച്ചടിയായിരുന്നു. 2023ൽ മത്സരത്തിന് മുന്നോടിയായി കൊച്ചി മറൈൻ ഡ്രൈവ് ട്രാക്കിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സാങ്കേതിക സമിതി പലഘട്ടങ്ങളിലായി പരിശോധന നടത്തി മണൽതി​ട്ട നീക്കം ചെയ്തി​രുന്നു. കനത്ത മഴ പെയ്ത പശ്ചാത്തലത്തിൽ ഈ വർഷവും മറൈൻ ഡ്രൈവ് ട്രാക്ക് പരിശോധന നടത്തി മത്സരത്തിന് അനുയോജ്യമാക്കേണ്ടതുണ്ട്.

ജില്ലയിലെ സി.ബി.എൽ വേദികൾ‌

മറൈൻഡ്രൈവ്, പിറവം

മാറ്റുരയ്ക്കുന്നത്

ഒമ്പത് ചുണ്ടൻവള്ളങ്ങളും ഇരുട്ടുകുത്തി വള്ളങ്ങളും

സി.ബി.എൽ സംഘടിപ്പിക്കുന്നത്

വർഷകാല വിനോദമായി ഐ.പി.എൽ മാതൃകയിൽ കേരളത്തിലെ ചുണ്ടൻ വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ്

മദ്ധ്യകേരളത്തിൽ പോര് തുടങ്ങുന്നു
ജൂൺ 22ന് ചമ്പക്കുളം വള്ളംകളിയോടെ മത്സരവള്ളംകളിക്ക് തുടക്കമായി

ആഗസ്റ്റ് 18ന് കരുമാടി ജലോത്സവത്തോടെ അങ്കം കുറക്കും

ആഗസ്റ്റ് 25ന് അരൂർ ജലോത്സവം

സെപ്തംബർ 2ന് ആറന്മുള്ള ഉത്രട്ടാതി വള്ളംകളി

ഡിസംബർ ഒന്നിന് പനങ്ങാട് ജലോത്സവത്തോടെ സീസൺ അവസാനം

സി.ബി.എൽ മത്സരം ഇക്കൊല്ലവും ഉണ്ടാകും. ഇതിനായുള്ള തീവ്രശ്രമങ്ങളിലാണ്. മറൈൻ ഡ്രൈവ് സമാപന വേദിയാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ടി.ജെ. വിനോദ് എം.എൽ.എ