കൊച്ചി: വനിതാസംരംഭകർക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും ധൈര്യവും പ്രചോദനവും നൽകാൻ സംഘടിപ്പിക്കുന്ന വെൻ ബിസ്‌കോൺ 2024ൽ 700 ലേറെപ്പേർ പങ്കെടുക്കും. വിമൻ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് ഫൗണ്ടേഷൻ (വെൻ) സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ ഈ മാസം ഒമ്പതിന് രാവിലെ 10 മുതലാണ് സമ്മേളനം. മാക്സ് ഫൗണ്ടേഷൻ സൗത്ത് ഏഷ്യ മേധാവിയും നടിയുമായ വിജി വെങ്കടേഷ് മുഖ്യാതിഥിയാകും. നടിയും ഇൻഫ്ളുവൻസറും സംരംഭകയുമായ പേളി മാണി ആമുഖപ്രഭാഷണം നടത്തും. ബിസിനസ് സ്ട്രാറ്റജിസ്റ്റും എഴുത്തുകാരനുമായ പോൾ റോബിൻസൺ മുഖ്യപ്രഭാഷണം നടത്തും.
ബിസിനസ് രംഗത്തെ പ്രമുഖരായ സി.കെ. കുമാരവേൽ, അംബിക പിള്ള, ഉത്തര രാമകൃഷ്‌ണൻ, പുഷ്‌പി മുരിക്കൻ, ലക്ഷ്‌മി എൻ. മേനോൻ, നികിത ശങ്കർ, നൗറീൻ അയിഷ, സ്വാതി സുബ്രഹ്മണ്യൻ, അപർണ ബാലമുരളി, ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡിവിയ തോമസ്, ഡോ. മുംതാസ് ഖാലിദ് ഇസ്‌മായിൽ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവയ്ക്കും.
വെൻ അംഗങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും സ്റ്റാളുകളും ഒരുക്കുമെന്ന് വെൻ സ്ഥാപക പ്രസിഡന്റും സമ്മേളന ചെയർപേഴ്സണുമായ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെൻ പ്രസിഡന്റ് ഡിവിയ തോമസ്, സെക്രട്ടറി ഡോ. മുംതാസ് ഖാലിദ് ഇസ്‌മയിൽ, ട്രഷറർ നിമിൻ ഹിലാൽ, ഭാരവാഹികളായ മരിയ എബ്രഹാം, ബീന മനോജ് എന്നിവരും പങ്കെടുത്തു.