കൊച്ചി: ദേശീയപാത 85ൽ നേര്യമംഗലം പാലത്തിനും ഇടുക്കി ജില്ലയിലെ ഇരുമ്പുപാലത്തിനുമിടയിൽ റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഈ മേഖലയിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശി സന്തോഷ് മാധവൻ നൽകിയ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
കഴിഞ്ഞ ജൂണ് 24ന് നേര്യമംഗലത്തിന് സമീപത്ത് കാർ യാത്രക്കാരനായ ജോസഫ് തോമസ് മരം വീണ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹർജി. അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
രണ്ട് മാസത്തിനുള്ളിൽ ഈ മേഖലയിൽ 27 മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. ഇടുക്കി കളക്ടർ നിർദ്ദേശിച്ചിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
വനം വകുപ്പിനടക്കം നോട്ടീസിന് നിർദ്ദേശിച്ച കോടതി ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.