y
ഇരുമ്പനം സിഗ്നൽ ജംഗ്ഷനുമീപം റോഡിന്റെ ടൈൽ വിരിച്ച ഭാഗത്തെ ടൈൽ ഇളക്കി മാറ്റി വെള്ളം പോകാൻ തീർത്ത മഴക്കുഴി

തൃപ്പൂണിത്തുറ: സീപോർട്ട് - എയർപോർട്ട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി റോഡിന് സമീപം 4അടി ആഴത്തിൽ മഴക്കുഴിയൊരുക്കി പൊതുമരാമത്ത് വകുപ്പ്. രൂക്ഷമായ വെള്ളക്കെട്ടിനുകാരണം റോഡ് നവീകരണത്തിലെ പാകപ്പിഴയെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞയാഴ്ച സിഗ്‌നൽ ജംഗ്ഷന് സമീപം ആഴത്തിൽ തോട് കീറി കെട്ടിക്കിടക്കുന്ന വെള്ളം വള്ളിക്കാവ് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിലേക്ക് കാനകീറി തുറന്നുവിട്ടെങ്കിലും ഫലപ്രദമായില്ല. അതോടെയാണ് മറുഭാഗത്തെ റോഡിന്റെ ടൈൽവിരിച്ച ഭാഗത്തെ ടൈലിളക്കിമാറ്റി വെള്ളംപോകാൻ മഴക്കുഴി തീർത്തത്.

ചെറിയ മഴയത്തുപോലും ഇരുമ്പനം സിഗ്നൽജംഗ്ഷനുസമീപം വൻ വെള്ളക്കെട്ടാണ്. മഴപെയ്താൽ റോഡിന്റെ ടാർചെയ്തഭാഗംപോലും കാണാനാവില്ല.

സീപോർട്ട്-എയർപോർട്ട് റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണവും വെള്ളമൊഴുകുന്നതിന് ആവശ്യമായ കാനകൾ ഇല്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. ദുരിതത്തിൽനിന്ന് അടുത്തൊന്നും മോചനമില്ലെന്ന അവസ്ഥയാണെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നു.

കെണി​യൊരുക്കി​ കുഴി​

* കഴിഞ്ഞദിവസം ഇരുമ്പനം കുനിക്കാട്ട് പറമ്പിൽ കെ.വി. ചന്ദ്രൻ (69) കുഴിയിൽവീണു പരിക്കേറ്റു.

* അപകട മുന്നറിയിപ്പ് സിഗ്നലൊന്നും വയ്ക്കാത്തതിനാൽ ഒട്ടേറെ ഇരുചക്ര വാഹനയാത്രക്കാർക്കാണ് ഈ മഴക്കുഴിയിൽവീണ് പരിക്കേൽക്കുന്നത്.

* തിരക്കുള്ള സമയത്ത് സൈഡ് കൊടുക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾക്കും കുഴി ഭീഷണിയായി. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെയാണ് ഒട്ടേറെപ്പേർ വീഴുന്നത്.