ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ നിർദ്ദേശം പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് ഉന്നയിക്കുന്നതിനിടെ എൻ.സി.പി (എസ്) ജില്ലാ കമ്മിറ്റിയിൽ ഭീഷണിയും തെറിയഭിഷേകവും.
ഞായറാഴ്ച കലൂരിലെ ജില്ലാ കമ്മറ്റി ഓഫീസിൽ നടന്ന യോഗമാണ് കൈയ്യാങ്കളിയുടെ വക്കോളമെത്തിയത്. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം അബ്ദുൾഖാദറാണ് നിലവിൽ എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ്. പാർട്ടിയിലെ യുവനേതാവ് അഫ്സൽ കുഞ്ഞുമോനായി സ്ഥാനം ഒഴിയണമെന്ന് ബ്ളോക്ക് - ജില്ലാ കമ്മിറ്റികൾ പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയിരുന്നില്ല. തുടർന്നാണ് പി.സി. ചാക്കോ ഇടപെടുകയും രാജിയാവശ്യപ്പെടാൻ നിർദ്ദേശം നൽകിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലായിരുന്നു അസഭ്യവർഷം നടത്തിയത്. ജില്ലാ കമ്മിറ്റിയിൽ ആരുടെയും പിന്തുണ ലഭിക്കാതായതോടെ അബ്ദുൾഖാദർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അഫ്സൽ കുഞ്ഞുമോനെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാക്കണമെന്ന് നിർദ്ദേശിച്ച് എൽ.ഡി.എഫ് ആലുവ മണ്ഡലം കമ്മിറ്റിക്ക് രേഖാമൂലം കത്ത് നൽകാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച അബ്ദുൾഖാദർ എൽ.ഡി.എഫ് ആലുവ മണ്ഡലം കൺവീനറാണ്. സി.കെ. ലിജിയെ പ്രസിഡന്റാക്കാൻ പ്രീജ കുഞ്ഞുമോനെ കഴിഞ്ഞയാഴ്ച പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം രാജിവെപ്പിച്ചിരുന്നു. ഇത് സി.പി.എമ്മിലും തർക്കത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് എൻ.സി.പിയിലെ കലഹം ശക്തിപ്പെടുന്നത്.