അങ്കമാലി: നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അങ്കമാലി സർവീസ് സഹകരണ ബാങ്ക് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി സ്കൂൾ ഹെഡ്മിസ്ട്രസ് പി.ഡി. ലിമക്ക് പ്യൂരിഫയർ കൈമാറി. പി.ടി.എ പ്രസിഡന്റ് ഷൈനി ഗിരീഷ് അദ്ധ്യക്ഷയായി. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.വൈ. ഏല്യാസ്, ബാങ്ക് ഡയറക്ടർമാരായ കെ.ആർ. കുമാരൻ, ജിജോ ഗർവാസീസ്, എം.പി.ടി.എ പ്രസിഡന്റ് രേഖ ശ്രീജേഷ്, സി.കെ.സുധീർ, പ്രിൻസിപ്പൽ എസ്. സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി പി.ഒ. ലാലി തുടങ്ങിയവർ സംസാരിച്ചു.