1
കൊച്ചിൻ വർഗീസിനെ കെ.എം. ധർമ്മൻ ആദരിക്കുന്നു

പള്ളുരുത്തി: നാടകലോകത്ത് അറുപതുവർഷം പൂർത്തിയാക്കിയ പള്ളുരുത്തിയുടെ കലാകാരൻ കൊച്ചിൻ വർഗീസിന് കലാസാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ പള്ളുരുത്തിയിൽ സ്വീകരണം നൽകി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടക സംവിധായകൻ കെ.എം. ധർമ്മൻ പുരസ്കാരം സമർപ്പിച്ചു.

ദേവരാജൻ, എം.ജി. രാധാകൃഷ്ണൻ, എം.എസ്. ബാബുരാജ്,എൽ.പി ആർ വർമ്മ, കെ. രാഘവൻ, കണ്ണൂർ രാജൻ, എം.കെ. അർജുനൻ, കുമരകം രാജപ്പൻ എന്നിവർ സംഗീതസംവിധാനം നിർവഹിച്ച നിരവധി ഗാനങ്ങൾ വിവിധ നാടക സമിതികൾക്കുവേണ്ടി ആലപിച്ചിട്ടുണ്ട്. കേരള ആർട്സ്, കായംകുളം പീപ്പിൾസ്, വൈക്കം മാളവിക, കൊല്ലം സംസ്കാര , കൊച്ചിൻ സനാതന,ആലപ്പി നാടകസംഘം തുടങ്ങി ഒട്ടേറെ നാടകസമിതികളിൽ പാടുകയും അഭിനയിക്കുകയും ചെയ്തു. 2010 ൽ സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ, ജേസി ഫൗണ്ടേഷൻ, കേരള ബിഷപ് കൗൺസിൽ പുരസ്കാരം, സായാഹ്നക്കൂട്ടം അവാർഡ്, കൊച്ചി ഫിലിം ആർട്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോസ് പൊന്നൻ, വി.എൻ. സുബ്രഹ്മണ്യൻ, ഒ.കെ. പ്രകാശൻ, ടി.എം. അലി, സുപ്രി അറക്കൽ, ഓസ്റ്റിൻ തമ്പി, ജോൺസൺ ചെമ്പരത്തി, നിക്സൺ സൂര്യ എന്നീ കലാകാരൻമാരെയും ചടങ്ങിൽ ആദരിച്ചു. കെ.എം. ധർമ്മൻ അദ്ധ്യക്ഷനായി. ജോൺ ഫെർണാണ്ടസ്, വി.എ. ശ്രീജിത്ത്, പി.ഇ. ഹമീദ്, കെ.കെ. റോഷൻകുമാർ, വിജയൻ മാവുങ്കൽ. ഡോ.പി.കെ. സുരേന്ദ്രൻ, ഇടക്കൊച്ചി സലിംകുമാർ, പീറ്റർ ജോസ് എന്നിവർ സംസാരിച്ചു. സംഗീതമേളയും ഉണ്ടായിരുന്നു.