ചോറ്റാനിക്കര: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ അവഗണനയുടെ പാളത്തിലൂടെ സഞ്ചരിക്കുകയാണ് കുരീക്കാട് റെയിൽവേ സ്റ്റേഷൻ (ചോറ്റാനിക്കര റോഡ്). ചോറ്റാനിക്കര ദേവീക്ഷേത്രത്തിലേക്കുള്ള ഭക്തർ ഉൾപ്പെടെ ദിവസേന നാനൂറിലേറെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ വെള്ളമോ വെളിച്ചമോ ശൗചാലയമോ ഇല്ല.
അഞ്ചുവർഷംമുമ്പ് സ്റ്റേഷനിൽ സ്ഥാപിച്ച ശോചാലയത്തിലേക്ക് വെള്ളമെത്തിക്കാൻപോലും റെയിൽവേയ്ക്ക് കഴിഞ്ഞിട്ടില്ല. യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ നിൽക്കാനുള്ള സൗകര്യവും ഇവിടെയില്ല. കൊവിഡിനുമുമ്പ് എട്ട് ട്രെയിനുകൾക്ക് സ്റ്റോപ്പും നിരവധി സ്ഥിരംയാത്രക്കാരും ഉണ്ടായിരുന്ന സ്റ്റേഷനായിരുന്നു കുരീക്കാട്. എന്നാൽ ലോക് ഡൗണിനുശേഷം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയോടെ രണ്ടുവർഷത്തോളം ഈ സ്റ്റേഷനിൽ ട്രെയിനുകളൊന്നും നിറുത്തിയില്ല. ഇതോടെ സ്ഥിരംയാത്രക്കാരും മറ്റുവഴിതേടി.
2022 ഏപ്രിലിൽ സ്റ്റേഷനിൽ വീണ്ടും ട്രെയിൻ നിറുത്തിത്തുടങ്ങിയതോടെ ഹാൾട്ട് സ്റ്റേഷൻ പ്രവർത്തനം വീണ്ടും ആരംഭിച്ചു. നിലവിൽ കുരീക്കാട് റെസിഡന്റ്സ് അസോസിയേഷനാണ് റെയിൽവേ ടിക്കറ്റ് വില്പനയ്ക്ക് കരാർ നൽകിയിരിക്കുന്നത്. ടിക്കറ്റ് വില്പനയിൽനിന്ന് ലഭിക്കുന്ന തുച്ഛവരുമാനമാണ് കരാറുകാരന് ലഭിക്കുന്നത്.
സ്റ്റേഷനിൽ ആകെയുള്ളത് ചെറിയ ഓഫീസ് മുറിയും പ്ലാറ്റ്ഫോമിലെ ശോചനീയാവസ്ഥയിലുള്ള ഇരിപ്പിടങ്ങളും മാത്രം. 30 സെന്റിലധികമുള്ള സ്റ്റേഷൻ പരിസരം വൃത്തിയാക്കി പാർക്കിംഗ് സൗകര്യത്തിന് ഉപയോഗിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഇതിലൂടെ റെയിൽവേയ്ക്ക് വരുമാനവും ലഭിക്കും.
സ്ഥിരം യാത്രക്കാരും തീർത്ഥാടകരും പടിയാർ ഹോമിയോ മെഡിക്കൽ കോളേജ്, തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ളവരും ആശ്രയിക്കുന്ന സ്റ്റേഷനായതിനാൽ അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അനുവദിക്കണമെന്നാണ് ആവശ്യം.
കെ. ഫ്രാൻസിസ് ജോർജ് എം.പിക്ക് നിവേദനം
ഇരിപ്പിടസൗകര്യം, യാത്രക്കാർക്ക് പ്ളാറ്റ്ഫോമിൽ വെയിലും മഴയുമേൽക്കാതെ നിൽക്കാനുള്ള സൗകര്യം, കുടിവെള്ളം, ശുചിത്വമുള്ള ടോയ്ലെറ്റ് എന്നിവ അടിയന്തര ആവശ്യങ്ങളാണ്. നിലവിലുള്ള പ്ളാറ്റ്ഫോമുകളുടെ പൊക്കവും നീളവും വർദ്ധിപ്പിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കെ. ഫ്രാൻസിസ് ജോർജ് എം.പിക്ക് കെ.ടി.ആർ.എ വൈസ് പ്രസിഡന്റ് രാജേശ്വരി നിവേദനം നൽകി. കേരള കോൺഗ്രസ് ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് തോമസ് കുര്യാക്കോസ്, മുൻ കെ.ടി.ആർ.എ പ്രസിഡന്റ് കെ.ജി. രാമകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടയം ഭാഗത്തേക്ക്
1 രാവിലെ 6.17ന് കൊല്ലം മെമു
2 രാവിലെ 8. 8ന് കാരയ്ക്കൽ എക്സ്‌പ്രസ്
3 ഉച്ചയ്ക്ക് 1.57ന് കൊല്ലം മെമു
4 വൈകിട്ട് 6.20ന് കൊല്ലം മെമു
എറണാകുളത്തേക്ക്
1 രാവിലെ 7. 15ന് എറണാകുളം മെമു
2രാവിലെ 11. 15ന് എറണാകുളം മെമു
3 ഉച്ചയ്ക്ക് 2.15ന് എറണാകുളം മെമു
ഇപ്പോൾ 7 ട്രെയിനുകളാണ് നിറുത്തുന്നത്. കൊവിഡിന് മുമ്പ് 10 ട്രെയിനുകൾ നിറുത്തിയിരുന്നു. ഇപ്പോൾ കാരയ്ക്കൽ എക്സ്‌പ്രസ് വേളാങ്കണ്ണിയിലേക്ക് പോകുമ്പോൾ നിറുത്തുന്നില്ല.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം
കുരീക്കാട് - എറണാകുളം ₹ 10
കുരീക്കാട് - കോട്ടയം ₹ 15
കുരീക്കാട് - കൊല്ലം ₹ 35