മൂവാറ്റുപുഴ: ടാറിംഗ് പൊളിഞ്ഞും നിറയെ കുഴികളായും തകർന്ന് തരിപ്പണമായി ആശ്രമം - കിഴക്കേക്കര റോഡ്. കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയ ഈ റോഡിലേക്ക് അധികാരികൾ തിരിഞ്ഞ് നോക്കുന്നുപോലുമില്ല. നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വതമായ പരിഹാരം ഉണ്ടാക്കുവാൻ ബന്ധപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ല.
ഇതോടെ റോഡ് പൂർണമായി നവീകരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നും അതുവരെ റോഡിലെ കുഴികൾ അടച്ച് സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറെ ഇന്നലെ തടഞ്ഞുവച്ചു. തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ സ്ഥലത്ത് വരുത്തി റോഡിന്റെ ശോചനീയാവസ്ഥ പൊതുസമൂഹത്തിന്റെ മുന്നിൽ നിർത്തി നേരിട്ട് ബോദ്ധ്യപ്പെടുത്തി. റോഡിലെ കുഴികൾ അടച്ച് ഉടൻ താത്കാലിക പരിഹാരം കാണുമെന്നും തുടർന്ന് പൂർണമായി റോഡ് നവീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോർജ്, സി.കെ. സോമൻ, ലോക്കൽ സെക്രട്ടറി പി.എം. ഇബ്രാഹിം, മുൻസിപ്പൽ കൗൺസിൽമാരായ കെ.ജി. അനിൽകുമാർ, വി.എ. ജാഫർ സാദിഖ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ.ജി. ലാലു, എം.യു. ബിനുമോൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രാധാന റോഡ്, പക്ഷെ അധികാരികൾക്ക് ശ്രദ്ധയില്ല
മൂവാറ്റുപുഴ നഗരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ചാലിക്കടവ് പാലം വഴി കിഴക്കേക്കര - ആശ്രമം റോഡിലൂടെയാണ്. തൊടുപുഴ, കോട്ടയം,ആലുവ, എറണാകുളം തുടങ്ങി എല്ലാ ഭാഗത്തേക്കും പോകുവാൻ കഴിയുന്നുവെന്നത് റോഡിന്റെ പ്രത്യേകതയാണ്. കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിലേക്കും രണ്ട് ആശുപത്രികളിലേക്കും ആശ്രമം ബസ് സ്റ്രാൻഡിലേക്കും പോകുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്.
പ്രതിഷേധം കനക്കുമ്പോൾ താത്കാലികമായി കുഴിയടച്ച് കണ്ണിൽ പൊടിയിടുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഒരു കിലോമീറ്ററിലധികം ദൂരം വരുന്ന ഈ റോഡ് പൊട്ടിപൊളിഞ്ഞിട്ട് മാസങ്ങളായി. റോഡ് നവീകരണത്തിന് പണം അനുവദിച്ചിട്ടുള്ളതായി എം.എൽ.എ പറഞ്ഞിട്ടും കാലമേറെയായി.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ മൂവാറ്റുപുഴ എംഎൽ.എ അടക്കമുള്ള ജനപ്രതിനിധികൾ ഇടപെടുന്നില്ല. ഇതിന് മാറ്റം വരണം.
പി. എം. ഇബ്രാഹിം
ലോക്കൽ സെക്രട്ടറി
സി.പി.എം