ആലുവ: ചുണങ്ങംവേലി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിനരികിൽ ആരംഭിച്ച മദ്യശാലയ്‌ക്കെതിരായ ഉപവാസപന്തലിൽ ഗുണ്ടാആക്രമണം. സ്കൂൾ പി.ടി.എ അംഗങ്ങളും പൂർവ വിദ്യാർഥികളും കന്യാസ്ത്രീകളും ഉപവാസം നടത്തിയ സമര പന്തലിലേയ്ക്ക് ബാറിൽ നിന്ന് മദ്യലഹരിയിൽ ഇറങ്ങിവന്ന ഗുണ്ടയാണ് ആക്രമണത്തിനൊരുങ്ങിയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. അക്രമി ഫൈസലിനെ എടത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. കാപ്പ ചുമത്തപ്പെട്ട ഗുണ്ടയെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ ബാർ ഉടമ ശ്രമിച്ചെന്ന് സമരക്കാർ പരാതിപ്പെട്ടു.
ആലുവ റൂറൽ എസ്.പിയുടെ ടൈഗർ ഫോഴ്‌സും എടത്തല പൊലീസും സ്ഥലത്തു ക്യാമ്പ് ചെയ്യുമ്പോഴായിരുന്നു അക്രമണ ശ്രമം. സി.ഐ സിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ. അബ്ദുൽ അസീസ്, സി.പി.ഒ മാരായ അഭിലാഷ്, ബിനീഷ്, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശ്രീകുമാർ എന്നിവരാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.
ഗുണ്ടകളെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താമെന്ന ബാറുടമയുടെ ലക്ഷ്യം നടക്കില്ലെന്നും ബാറിനെയും ഗുണ്ടകളെയും നിയമം കൊണ്ട് നേരിടുമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ഉപവാസം എം.എൽ.എ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്