അങ്കമാലി: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സഹായമേകാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി യൂണിറ്റ്. നൂറിലേറെ ബസുകൾ മൂന്ന് ദിവസങ്ങളിലായി ഉടമകളും ജീവനക്കാരും തങ്ങളുടെ വരുമാനം നൽകും. ഇതോടൊപ്പം യാത്രക്കാർക്കും സംഭാവന നൽകാം. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ റൂട്ടുകളിലായി ടിക്കറ്റും കണ്ടക്ടർ ബാഗും ഒന്നുമില്ലാതെ ബക്കറ്റുമായാണ് യാത്രക്കാരെ സമീപിക്കുക. 2018ലെ പ്രളയകാലത്തും സമാനമായ രീതിയിൽ സംസ്ഥാനമൊട്ടാകെ സ്വകാര്യബസുകളിൽ നിന്നും ശേഖരിച്ച 3 കോടി 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. ഇത്തവണയും സംസ്ഥാന കമ്മിറ്റിയുമായി ചേർന്ന് ഈ തുക കൈമാറുമെന്ന് പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ അറിയിച്ചു. ബുധനാഴ്ച അങ്കമാലി - പെരുമ്പാവൂർ, അത്താണി, പറവൂർ, മാള, കണക്കൻകടവ് റൂട്ടുകളിലും വ്യാഴാഴ്ച മലയാറ്റൂർ, മഞ്ഞപ്ര, മൂക്കന്നൂർ റൂട്ടുകളിലും വെള്ളിയാഴ്ച കാലടി - കാഞ്ഞൂർ -ആലുവ, വട്ടപ്പറമ്പ്, കൊരട്ടി, പാലിശ്ശേരി എന്നീ റൂട്ടുകളിലും ആയിരിക്കും ഈ രീതിയിൽ സർവീസ് നടത്തുന്നത്. വയനാടിന് ഒരു കൈത്താങ്ങ് എന്ന് എഴുതിയ പ്രത്യേക ടീഷർട്ട് ധരിച്ച ജീവനക്കാരായിരിക്കും അന്നേദിവസം ബസുകളിൽ ഡ്യൂട്ടി ചെയ്യുക. പരിപാടിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9 ന് കാലടി ബസ് സ്റ്റാൻഡിൽ വച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി, പഞ്ചായത്ത് അംഗം പി.ബി.സജീവ് എന്നിവർ പങ്കെടുക്കും.