പറവൂർ: ഒക്ടോബറിൽ ക്രൊയേഷ്യയിൽ നടക്കുന്ന 23 വയസിൽ താഴെയുള്ളവരുടെ മിനി ഫുട്ബാൾ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പറവൂർ സ്വദേശി നിരഞ്ജൻ ഇടംനേടി. സിവിൽ പൊലീസ് ഓഫീസറായ കിഴക്കേപ്രം ശിവോഹം പൊന്നേടത്ത് വീട്ടിൽ സുനിൽകുമാറിന്റെയും ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാരിയായ സഹനയുടേയും മൂത്തമകൻ എസ്. നിരഞ്ജനാണ് ഗോൾക്കീപ്പറായി ഇന്ത്യൻ ടീമിലെത്തിയത്. ആറ് പേരാണ് മിനി ഫുട്ബാളിൽ കളത്തിലിറങ്ങുക. വേൾഡ് മിനി ഫുട്ബോൾ ഫെഡറേഷനാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. ചിന്മയ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് നിരഞ്ജൻ ഫുട്ബോൾ പരിശീലനം തുടങ്ങുന്നത്. പിന്നീട് സി.ബി.എസ്.ഇ ദേശീയതല ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലെത്തി. കോലഞ്ചേരിയിലെ ബൈ ഫാന്റോ എഫ്.സിക്ക് വേണ്ടി നിരവധി കളിക്കളങ്ങളിൽ ഗോൾകീപ്പറായി നിരഞ്ജൻ പങ്കെടുത്തു. ഒരു വർഷം മുമ്പാണ് 23 വയസിൽ താഴെയുള്ളവരുടെ കർണാടക ടീമിലെത്തിയത്. ക്യാപ്റ്റനെന്ന നിലയിലുള്ള മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. ആലുവ യു.സി കോളേജിലെ ഒന്നാം വർഷ ബി.എസ്.എം. വിദ്യാർത്ഥിയാണ്. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എസ്. നിർമൽ സഹോദരനാണ്.