traffic

ആലുവ: ആലുവ - മൂന്നാർ റോഡിൽ ചൂണ്ടി കവലയിലും കൊച്ചിൻബാങ്ക് കവലയിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. രാവിലെയും വൈകിട്ടും റോഡ് മറികടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പെരുമ്പാവൂർ ഭാഗത്ത് നിന്നും കിഴക്കമ്പലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെല്ലാം ചൂണ്ടി കവലയിലാണ് സംഗമിക്കുന്നത്. എൻ.എ.ഡി ഭാഗത്ത് നിന്നും എടയപ്പുറം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കൊച്ചിൻബാങ്ക് കവലയിലും സംഗമിക്കും. അതിനാലാണ് രണ്ടിടത്തും വാഹനത്തിരക്കേറുന്നത്. ചൂണ്ടിയിൽ കിഴക്കമ്പലം റോഡിൽ നിന്ന് വരുന്ന വാഹനങ്ങളേക്കാൾ പെരുമ്പാവൂർ മേഖലയിൽ നിന്ന് വരുന്നവയാണ് കൂടുതൽ ഗതാഗതക്കുരുക്കിൽപ്പെടുന്നത്.
രാജഗിരി, കാർമ്മൽ ആശുപത്രികൾ പ്രവർത്തിക്കുന്ന ഈ റൂട്ടിൽ നിരന്തരം ആംബുലൻസുകളും കുരുക്കിൽപ്പെടുകയാണ്. രണ്ട് കവലകളിലും റോഡിലെ കുണ്ടും കുഴിയും ഗതാഗതകുരുക്കിന് മറ്രൊരു കാരണമാണ്. കൊച്ചിൻ ബാങ്ക് കവലയിൽ ഇരുവശത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ രണ്ടിടത്താണെങ്കിലും കുരുക്കിന് കുറവൊന്നുമില്ല. കച്ചവടക്കാർ റോഡ് കൈയ്യേറിയതാണ് മറ്റൊരു പ്രതിസന്ധി. നേരത്തെ പി.ഡബ്ല്യു.ഡി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പാതിവഴിയിൽ മുടങ്ങുകയായിരുന്നു.

റോഡ് വികസനം പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കൽ സർവേ പോലും നടന്നിട്ടില്ല. ഈ മേഖലയിൽ ജില്ലാ പഞ്ചായത്ത് ചൂണ്ടി ബൈപ്പാസ് പദ്ധതി പ്രഖ്യാപിച്ചതും കടലാസിലാണ്.