police

രാമമംഗലം: രാമമംഗലം ഗവ. എൽ.പി സ്കൂളിലെ സഹോദരങ്ങളായ കുരുന്നുകൾ സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. രാമമംഗലം മാമലത്താഴത്ത് ജിറ്റിമോൻ നീനു ദമ്പതികളുടെ മക്കളായ ഒമ്പതുകാരനായ ആന്റോണും ആറ് വയസുള്ള അഭിയോണുമാണ് വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി രാമമംഗലം പൊലീസ് സ്റ്റേഷനിലെത്തിയത്. പിറവത്ത് ടയർ റീ ട്രെഡിംഗ് കട നടത്തുന്ന പിതാവ് ഒരു വർഷം മുമ്പ് ഇരുവർക്കും വാങ്ങി നൽകിയതാണ് സമ്പാദ്യ കുടുക്ക. സ്കൂളിന് സമീപമുള്ള സ്റ്റേഷൻ കുട്ടികൾക്ക് പരിചിതമായതിനാൽ ബന്ധുവിനൊപ്പമെത്തി സ്റ്റേഷൻ പി.ആർ.ഒയെ കാര്യം ധരിപ്പിക്കുകയായിരുന്നു. എസ്.എച്ച്.ഒ വി. രാജേഷ് കുമാർ കുട്ടികളുടെ സൽപ്രവർത്തിയെ അഭിനന്ദിക്കുന്നതിനൊപ്പം സമ്പാദ്യ കുടുക്ക ഏറ്റുവാങ്ങുകയും ചെയ്തു.