മൂവാറ്റുപുഴ: സ്വകാര്യബസിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യുവാവിന് പരിക്കേറ്റു. മുടവൂർ ചാലിൽ പുത്തൻപുര അർജുൻ ( 23 ) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ വാഴപ്പിള്ളി ബ്ലോക്ക് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. എറണാകുളം - തൊടുപുഴ റൂട്ടിൽ സർവീസ് നടക്കുന്ന എൽ. എം. എസ് ബസിൽ നിന്നാണ് യുവാവ് വീണത്. മത്സരയോട്ടം നടത്തിവന്ന ബസിൽ നിന്ന് ബ്ലോക്ക് ജംഗ്ഷനിൽ എത്തിയപ്പോൾ ഇറങ്ങണമെന്നു പറഞ്ഞ അർജുനിനായി ചെക്കർ ഡോർ തുറന്നു. എന്നാൽ ബസ് നിറുത്താതെ അമിതവേഗത്തിൽ വീശി എടുത്ത് മുന്നോട്ടു പാഞ്ഞു. ഇതോടെ പിടി വിട്ട അർജുൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ് നിറുത്താതെ പോയി. ഓടിയെത്തിയ നാട്ടുകാർ അർജുനിനെ ആശുപത്രിയിലെത്തിച്ചു.