അങ്കമാലി: അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ യാർഡ് നവീകരിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിനായി റോജി എം. ജോൺ എം.എൽ.എ നൽകിയ 75 ലക്ഷം രൂപയുടെ പദ്ധതി ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകിയില്ല. നവീകരണ പ്രവർത്തനങ്ങൾക്ക് എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ പാടില്ലായെന്നാണ് സർക്കാരിന്റെ ന്യായം. കോടികൾ മുടക്കി നിർമ്മിച്ച കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതൽ ശോചനീയവസ്ഥയിലാണ്. മഴക്കാലമായതോടെ യാർഡ് മുഴുവൻ കുണ്ടും കുഴിയുമായി പരിതാപകരമായ അവസ്ഥയിലാണ്. ഇത് ചൂണ്ടിക്കാണിച്ച് എം.എൽ.എ നിരവധി തവണ ഗതാഗതവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിന് തുക അനുവദിച്ചില്ല. മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് എം.എൽ.എ ഫണ്ടിൽ നിന്ന് അങ്കമാലി കെ.എസ്.ആർ.ടി.സി ടെർമിനലിലെ യാർഡിന്റെ ഉൾപ്പെടെ നവീകരണത്തിനായി 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചത്. എന്നാൽ ഇത് സർക്കാർ നിരസിച്ചു.

അങ്കമാലി കെ.എസ്.ആർ.ടി.സി ടെർമിനലിലെ കുഴികളും വെള്ളക്കെട്ടും ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് വലുതാണ്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് പ്രത്യേകാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിക്കും
റോജി എം. ജോൺ

എം.എൽ.എ