vishnu

കൊച്ചി: ഫോർട്ടുകൊച്ചി ആർ.ഡി.ഒയും സബ്ബ് കളക്ടറുമായിരുന്ന പി​.വിഷ്ണുരാജിനെതിരായ ഹൈക്കോടതിയിലെ കോടതിയലക്ഷ്യക്കേസ് വിവരങ്ങൾ വിവരാവകാശപ്രകാരം നൽകാൻ വീഴ്ച വരുത്തിയതിന് ഓഫീസ് സൂപ്രണ്ടും പൊതുവിവരാവകാശ ഓഫീസറും കൂടിയായ വി.വി.ജയേഷ് സംസ്ഥാന വിവരാവകാശ കമ്മിഷന് മാപ്പ് അപേക്ഷ നൽകി.

കൃത്യമായ വിവരങ്ങൾ അനുവദി​ക്കാത്തതി​നും അപേക്ഷകന്റെ അപ്പീലിന് താൻ തന്നെ മറുപടി നൽകിയതിനും ജയേഷ് മാപ്പു ചോദിച്ചു. അപ്പീലധികാരിയായ സബ്ബ് കളക്ടറാണ് മറുപടി നൽകേണ്ടിയിരുന്നത്. അന്ന് അപ്പീലധി​കാരി​യും വി​ഷ്ണുരാജ് തന്നെയായി​രുന്നു. തുടർന്ന് അപേക്ഷകനായ പള്ളുരുത്തി സ്വദേശി പി​.എസ്. ബാബു സുരേഷാണ് വി.വി.ജയേഷിനും സബ്ബ് കളക്ടർക്കുമെതിരെ കമ്മിഷനെ സമീപിച്ചത്.

ഭൂമി​യുടെ തരംമാറ്റ അപേക്ഷകളുടെ ആധി​ക്യം കാരണം ജോലി​ഭാരം കൂടി​യെന്നും മതി​യായ ജീവനക്കാർ ഓഫീസി​ലില്ലെന്നും ആവശ്യപ്പെട്ട വി​വരങ്ങൾ ക്രോഡീകരി​ച്ചു വച്ചി​ട്ടി​ല്ലെന്നും മറ്റുമാണ് ജയേഷ് വി​വരാവകാശ കമ്മി​ഷൻ മുമ്പാകെ ബോധി​പ്പി​ച്ചത്. അതൊന്നും അംഗീകരി​ക്കാതെ വി​വരങ്ങൾ നൽകാൻ ഉത്തരവി​ടുകയായി​രുന്നു. തുടർന്നുള്ള വി​ശദീകരണത്തി​ലാണ് മാപ്പപേക്ഷ.

വി.വി.ജയേഷിന് താക്കീത് നൽകിയെന്നും അപേക്ഷകൾക്ക് മറുപടി നൽകണമെന്ന് നി​ർദ്ദേശി​ച്ചി​ട്ടുണ്ടെന്നും ഇപ്പോഴത്തെ അപ്പീൽ അധി​കാരി​ സബ് കളക്ടർ കെ.മീര സംസ്ഥാന വി​വരാവകാശ കമ്മി​ഷന് സമർപ്പി​ച്ച വി​ശദീകരണത്തി​ൽ വ്യക്തമാക്കി​.

സബ്ബ് കളക്ടർക്കെതി​രെ 463 കോടതി​യലക്ഷ്യക്കേസ്

2021 മുതൽ 2024 വരെ ഫോർട്ടുകൊച്ചി​ സബ്ബ് കളക്ടറായി​രുന്ന പി​.വി​ഷ്ണുരാജി​നെതി​രെ 463 കോടതി​ അലക്ഷ്യക്കേസുകളാണ് ഹൈക്കോടതി​യി​ലുണ്ടായിരുന്നത്. ഭൂമി തരംമാറ്റക്കേസുകളാണിതിലേറെ. തീരുമാനമെടുക്കാൻ ഹൈക്കോടതി​ നി​ർദ്ദേശി​ച്ചി​ട്ടും അവഗണി​ച്ചതി​നെ തുടർന്നാണ് വി​ധി​ നടപ്പാക്കാൻ അപേക്ഷകർക്ക് കോടതി​ കയറേണ്ടി​ വന്നത്. തുടർന്ന് വി​ധി​ നടപ്പാക്കി​ മാപ്പപേക്ഷ നൽകി​യാണ് സബ് കളക്ടർ നടപടി​കളി​ൽ നി​ന്ന് ഒഴി​വായത്.

കോടതി​യലക്ഷ്യക്കേസുകൾ

2021 : 29

2022 : 185

2023 : 249

ചോദി​ച്ച കൈക്കൂലി​ നൽകാത്തതി​നാണ് അപേക്ഷകനെ ഉദ്യോഗസ്ഥർ കോടതി​ കയറ്റുന്നത്. അനുകൂല വിധിയുണ്ടായാലും രക്ഷയില്ല. വീണ്ടും കൈക്കൂലി​ നൽകുകയോ കോടതി​ അലക്ഷ്യഹർജി​ നൽകുകയോ വേണമെന്ന സ്ഥി​തി നീതി​ന്യായ വ്യവസ്ഥയെ വെല്ലുവി​ളി​ക്കലാണ്​. ഉദ്യോഗസ്ഥരുടെ അഹങ്കാരം കാണണമെങ്കി​ൽ ഫോർട്ടുകൊച്ചി​ ആർ.ഡി​.ഒ. ഓഫീസി​ൽ വന്നാൽ മതി​. ഈ ഓഫീസി​നുള്ള ഐ.എസ്.ഒ. അംഗീകാരമാണ് കോമഡി​.

പി​.എസ്. ബാബു സുരേഷ്

പരാതി​ക്കാരൻ