ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി.പിയിലെ എം.എ. അബ്ദുൾഖാദറിനെ നീക്കി യുവനേതാവ് അഫ്സൽ കുഞ്ഞുമോനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾഅസീസ് സി.പി.എം ആലുവ ഏരിയാ സെക്രട്ടറിക്ക് രേഖാമൂലം കത്ത് നൽകി. നേരത്തെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ പാർട്ടി തീരുമാനം അറിയിച്ചപ്പോൾ ജില്ലാ പ്രസിഡന്റിന്റെ രേഖാമൂലമുള്ള കത്ത് നൽകാനാണ് സി.പി.എം ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം എൻ.സി.പി (എസ്) ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ നിർദ്ദേശം ജില്ലാ പ്രസിഡന്റ് അവതരിപ്പിച്ചപ്പോൾ സംസ്ഥാന കമ്മിറ്റി അംഗമായ അബ്ദുൾഖാദർ ഭീഷണി മുഴക്കി ഇറങ്ങിപ്പോന്നിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് അബ്ദുൾ ഖാദറെന്നാണ് സൂചന. അങ്ങനെ വന്നാൽ അവിശ്വാസത്തിലൂടെ ഇയാളെ നീക്കേണ്ടി വരും. സി.പി.എം നേതൃത്വത്തിലെ ചിലർക്ക് അബ്ദുൾഖാദറിനോട് താത്പര്യമുണ്ടെങ്കിലും എൻ.സി.പി രേഖാമൂലം ആവശ്യപ്പെട്ടതിനാൽ മുന്നണി താത്പര്യത്തിനായി അഫ്സലിനെ പിന്തുണക്കേണ്ടി വരും. ഭരണസമിതിയിൽ എൻ.സി.പിക്ക് രണ്ട് പേരാണുള്ളത്. സി.പി.എം അംഗമായ പ്രീജ കുഞ്ഞുമോൻ രാജിവെച്ച ഒഴിവിലേക്ക് സി.കെ. ലിജിയെ നാളത്തെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായും തിരഞ്ഞെടുക്കുന്നുണ്ട്. തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റ് സ്ഥാനവും മാറുന്നത്.