manoj

മൂവാറ്റുപുഴ: ദേശീയ ജന്തുലോക നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്ക് കുളമ്പ് ചർമമുഴ രോഗത്തിനെതിരെയുള്ള സൗജന്യ പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ കുളമ്പ് -ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി അദ്ധ്യക്ഷനായി. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ അഞ്ചാം ഘട്ടവും ചർമ്മമുഴ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടത്തിനുമാണ് തുടക്കമായത്. മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ള 157 സ്ക്വാർഡുകൾ ക്ഷീര കർഷകരുടെ വീടുകളിൽ എത്തി പശുക്കൾക്കും എരുമകൾക്കും സൗജന്യമായി വാക്സിനേഷൻ നൽകുമെന്നും ക്ഷീര കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജികുമാർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമാ രാമകൃഷ്ണൻ, ബിനി ഷൈമോൻ, വൈസ് പ്രസിഡന്റ് അജി സാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി.ജോളി, ബിജു കുര്യാക്കോസ്, ജിഷ ജിജോ, കായനാട് ആപ്ക്കോസ് പ്രസിഡന്റ് ശ്രീജ ബിജു, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ എസ് അനിൽകുമാർ, മാറാടി വെറ്ററിനറി സർജൻ ഡോ. ഷീന ജോസഫ് മൂവാറ്റുപുഴ എ.ഡി.സി.പി താലൂക്ക് കോഡിനേറ്റർ ഡോ. അജിത് കുമാർ എസ്. എന്നിവർ സംസാരിച്ചു.

അറിയാം കുത്തിവെയ്പ് വിവരം

ദൈനംദിന വാക്സിനേഷൻ വിവരങ്ങൾ ഭാരത് പശുധൻ എ.എച്ച് .ഡി പോർട്ടലിൽ രേഖപ്പെടുത്തും

സെപ്റ്റംബർ 13 വരെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം നീണ്ടുനിൽക്കും

1,18,090 കന്നുകാലികൾക്ക് മുപ്പത് ദിവസത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകും

കേന്ദ്ര ഏജൻസി നേരിട്ടും ജില്ലാ, താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും മോണിറ്ററിംഗ് നടത്തും

20,000 കോടി രൂപ

കുളമ്പുരോഗത്താൽ പ്രതിവർഷമുണ്ടാകുന്ന സാമ്പത്തിക നഷ്ടം

ശ്രദ്ധിക്കണം കുളമ്പുരോഗം

രോഗം ബാധിച്ച കന്നുകാലികളിൽ നിന്ന് മറ്റു കന്നുകാലികളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ വേഗത്തിൽ വൈറസ് പടരും.

കറവപ്പശുക്കളുടെ പാൽ ഉൽപാദനം ഗണ്യമായി കുറയും

 മതിയായ ചികിത്സ നൽകിയില്ലെങ്കിൽ അനുബന്ധ അണുബാധകൾ പിടിപെട്ട് രോഗം ഗുരുതരമാകാം.

രോഗത്തിൽ നിന്ന് രക്ഷപ്പെട്ട പശുക്കൾക്ക് പഴയ ഉത്പാദനവും പ്രത്യുൽപാദനക്ഷമതയും വീണ്ടെടുക്കാൻ ആകില്ല

ആറുമാസത്തെ ഇടവേളകളിൽ നൽകുന്ന പ്രതിരോധ കുത്തിവെപ്പുകളിലൂടെ മാത്രമേ കുളമ്പു രോഗത്തെ പൂർണമായും തടയാൻ ആകൂ