വൈപ്പിൻ: വൈപ്പിൻ - മുനമ്പം തീരസംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ജനുവരിയിൽ കേന്ദ്രസർക്കാരിന് സമർപ്പിച്ച പദ്ധതി രേഖ അനുസരിച്ച് പണം അനുവദിക്കണമെന്ന് ഹൈബി ഈഡൻ എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനെ കണ്ടാണ് എം.പി അഭ്യർത്ഥന നടത്തിയത്. 145.87കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. കടൽ ഭിത്തിയും പുലിമുട്ടും ഉൾപ്പെടെയുള്ള പദ്ധതിയാണിത്. വൈപ്പിൻ, എടവനക്കാട്, നായരമ്പലം പ്രദേശങ്ങളിലെ തീരശോഷണം കേന്ദ്രം പ്രത്യേകം പരിഗണിക്കണം.

മുനമ്പം ഫിഷിംഗ് ഹാർബറിൽ കാലതാമസം കൂടാതെ പുനിർമ്മാണ പ്രവർത്തനങ്ങൾ നടത്തണം. തുറമുഖത്തിന് 24/7 സുരക്ഷ, സി.സി ടിവി നിരീക്ഷണം, മത്സ്യത്തൊഴിലാളികൾക്ക് വിശ്രമകേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, മത്സ്യം ശേഖരിക്കാനും ഗുണമേന്മ നഷ്ടപ്പെടാതെ വിപണനം ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയാണ് വേണ്ടതെന്ന് എം.പി പറഞ്ഞു.
ശുചിത്വം, മാലിന്യസംസ്‌കരണം, വിശ്രമം, വിപണനം തുടങ്ങിയവയ്ക്ക് വേണ്ട സൗകര്യങ്ങളൊരുക്കണമെന്നും എം.പി അഭ്യർത്ഥിച്ചു.