വൈപ്പിൻ: സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ കൊച്ചു സമ്പാദ്യം വയനാട്ടിലെ ജനങ്ങൾക്കായി നൽകി എട്ടാംക്ലാസുകാരൻ. ആഗ്രഹം അച്ഛനോട് പറഞ്ഞതിനെ തുടർന്ന് സ്‌കൂളിലെത്തി ക്ലാസ് ടീച്ചർക്ക് തന്റെ കുടുക്ക കൈമാറി. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ വിദ്യാർത്ഥി അനിക് റോഷ് ആണ് മാതൃകയായത്. അമ്മയുടെ സാന്നിദ്ധ്യത്തിൽ കുടുക്ക പൊട്ടിച്ച് നാണയങ്ങൾ എണ്ണി തിട്ടപ്പടുത്തി 1147രൂപയാണ് കുടുക്കയിൽ ഉണ്ടായിരുന്നത്. കുട്ടിയെയും കൂട്ടി അദ്ധ്യാപകർ ഫെഡറൽ ബാങ്ക് എടവനക്കാട് ശാഖയിലെത്തി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു. എളങ്കുന്നപ്പുഴ അടിമത്തറ വീട്ടിൽ റോഷിത്തിന്റെയും വി.എം. സ്വീറ്റിയുടെയും മകനാണ് അനിക് റോഷ്. അച്ഛൻ ഡ്രൈവറും അമ്മ മേക്കപ്പ് ആർട്ടിസ്റ്റുമാണ്.