കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഹൈവേ നിർമ്മാണം നടക്കുന്ന നെല്ലിമറ്റം ടൗണിൽ തടിലോറി മറിഞ്ഞു. അടിമാലി ഭാഗത്ത് നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് നിറയെ യൂക്കാലി തടിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. റോഡിൽ കലുങ്ക് നിർമ്മാണത്തിനിടെ റോഡ് സൈഡിൽ വീതി കൂട്ടാനായി മെറ്റൽ വിരിച്ച് ഒതുക്കിയിരുന്ന ദുർബല പ്രദേശത്തുകൂടി തടി ലോറി കടന്നുപോകാൻ സ്ഥലത്ത് ഉണ്ടായിരുന്ന കരാർ തൊഴിലാളികൾ നിർദ്ദേശിച്ചു. തുടർന്ന് വാഹനം സൈഡ് ചേർത്ത് കടന്നു പോകുന്നതിനിടയിൽ ലോറിയുടെ പിൻ ചക്രം താഴുകയായിരുന്നു. ലോറി മറിയുമെന്ന ഘട്ടം വന്നതോടെ സമീപത്ത് ഉണ്ടായിരുന്ന ഹിറ്റാച്ചിയും ക്രെയിനും ഉപയോഗിച്ച് താങ്ങി പതുക്കെ വാഹനം ചെരിച്ച് മറിക്കുകയായിരുന്നു. ഇന്നലെ വെളുപ്പിന് രണ്ടരയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോതമംഗലം ടൗണിലും യൂക്കാലിയുമായി വന്ന ലോറി മറഞ്ഞിരുന്നു.