വൈപ്പിൻ: കടലിൽ കൃത്രിമ പാരുണ്ടാക്കിയുള്ള മീൻ പിടിത്തം നടത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് മത്സ്യതൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) വൈപ്പിൻ ഏരിയ കമ്മറ്റി. ഫിഷറീസ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് കൃത്രിമ പാരുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും യൂണിയൻ ആരോപിച്ചു. കടലിൽ വലിയ കോൺക്രീറ്റ് കട്ടകൾ സ്ഥാപിച്ച് കൃത്രിമ മീൻ സങ്കേതങ്ങൾ ഉണ്ടാക്കി അതിലേക്ക് മീനുകളെ ആകർഷിച്ച് പിടിക്കുന്ന രീതിയാണിത്. ഈ സങ്കേതങ്ങളിൽ എത്തുന്ന മീനുകളെ ചൂണ്ടയിട്ടു പിടിക്കും. ഇത്തരം മീൻ പിടിത്തം ട്രോളിംഗ് ബോട്ട് തൊഴിലാളികളും ചെറുതും വലുതുമായ വിവിധ വള്ളങ്ങളിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികളും തമ്മിൽ സംഘർഷം ഉണ്ടാക്കുമെന്നാണ് ആശങ്ക. ഈ രീതിയുമായി മുന്നോട്ടു പോകാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് യൂണിയൻ ഏരിയ സെക്രട്ടറി എ.കെ. ശശി മുന്നറിയിപ്പ് നൽകി.