മൂവാറ്റുപുഴ: കഴിഞ്ഞദിവസം സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി. പൂമാല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൽ.എം.എസ് ബസിൽ നിന്നാണ് കഴിഞ്ഞദിവസം മുടവൂർ സ്വദേശി അർജുൻ എന്ന വിദ്യാർത്ഥി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ തെറിച്ചു വീണത്. കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിചെ വിദ്യാർത്ഥി തെറിച്ച് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എൽ .എം .എസ് ബസിന് അമിതവേഗം ആണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് കച്ചേരിതാഴത്ത് ബസ് തടഞ്ഞു നിർത്തി ജീവനക്കാർക്ക് ചൂടുവെള്ളം നൽകി. ചൂടുവെള്ളം പൂർണമായും ഊതി കുടിച്ചതിനു ശേഷം മാത്രമേ ബസ് പോകാൻ അനുവദിക്കൂ എന്ന നിലപാടാണ് ഡി.വൈ.എഫ്.ഐ സ്വീകരിച്ചത്. ഇതിനിടെ പൊലീസ് ഇടപെട്ടെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിന്മാറിയില്ല. തുടർന്ന് ബസ് ജീവനക്കാർ വെള്ളം കുടിക്കാൻ നിർബന്ധിതരായി .അമിത വേഗം കാട്ടുന്ന എല്ലാ ബസ് ജീവനക്കാർക്കും ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് ഡി.വൈ.എഫ്.ഐ ഇത്തരത്തിലുള്ള സമരം പ്രതിഷേധം നടത്തിയത് എന്ന് ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാൻ, സെക്രട്ടറി ഫെബിൻ പി .മൂസ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം സജി ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്.