janaseva

ആലുവ: തെരുവുമക്കളില്ലാത്ത ഇന്ത്യ എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ജനസേവ ശിശുഭവൻ രാജസ്ഥാനിൽ ആരംഭിച്ച ജനസേവ ഉഡാൻ അക്കാഡമിയിൽ മനസലിയിക്കുന്ന കാഴ്ച്ചകൾ. സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ എട്ട് വയസുകാരിയെത്തിയത് തുണിയിൽ പൊതിഞ്ഞ കൈക്കുഞ്ഞുമായി.

അദ്ധ്യാപകർ ആദ്യം പകച്ചെങ്കിലും അക്കാഡമി ഡയറക്ടർ ഡോ. സുനിൽ ജോസിന്റെ നിർദ്ദേശപ്രകാരം ചേച്ചിയമ്മയെയും കുഞ്ഞിനെയും ക്ലാസിൽ കയറ്റി. പഠിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വന്നതെന്നും എട്ട് മാസം പ്രായമായ അനിയനെ വീട്ടിൽ തനിച്ചാക്കിയാൽ പട്ടികടിക്കുമെന്നും അമ്മ വരുമ്പോൾ തല്ലുമെന്നും ഉള്ള അവളുടെ നിഷ്‌കളങ്കമായ വാക്കുകൾ അദ്ധ്യാപകരുടെ കണ്ണുകളെ ഈറനണിയിച്ചു. നാല് ഇളയ സഹോദരങ്ങളുടെ ചുമതല എട്ട് വയസുകാരിയെ ഏൽപ്പിച്ചിട്ടാണ് മാതാപിതാക്കൾ ഭിക്ഷാടനത്തിനിറങ്ങുന്നത്.

അഞ്ചും ആറും മക്കളുള്ള കുടുംബങ്ങളാണ് പ്രദേശങ്ങളിൽ കൂടുതലും. ഇത്തരത്തിൽ നിരവധി കുട്ടികളുണ്ടെങ്കിലും ക്ലാസിൽ വരാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് ജനസേവ ചെയർമാൻ ജോസ് മാവേലി പറയുന്നു. ജനസേവ അക്കാഡമി ആരംഭിച്ചതോടെ കുട്ടികൾക്ക് പഠിക്കാനുള്ള താത്പര്യമേറിയിരിക്കുകയാണ്. ഇവർക്ക് യാത്രസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിൽ ഭക്ഷണവും ശീതീകരിച്ച ക്ലാസ് മുറികളുമാണ് ഒരുക്കിയിട്ടുള്ളത്.