* മാലിന്യച്ചാക്കിൽനിന്നുകിട്ടിയ ഡയമണ്ട് തിരിച്ചുനൽകി മാതൃകയായി
പള്ളുരുത്തി: മാലിന്യച്ചാക്കിൽനിന്ന് ലഭിച്ച 5 ലക്ഷത്തിന്റെ ഡയമണ്ട് ആഭരണം ഉടമയ്ക്ക് തിരിച്ചുനൽകി ഹരിത കർമ്മസേനാംഗങ്ങൾ കുമ്പളങ്ങിക്ക് അഭിമാനമായി. പഞ്ചായത്ത് 15-ാം വാർഡിലെ ജെസിയും റീനയുമാണ് ഏവർക്കും മാതൃകയായത്.
വീടുകളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ചത് വേർതിരിച്ചു കൊണ്ടിരിക്കുമ്പോഴാണ് രണ്ടുപൊതികളിലായി നാലരലക്ഷംരൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലസും അമ്പതിനായിരം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ 2 കമ്മലും ലഭിച്ചത്. ഉടനെ ഇരുവരും വാർഡ് മെമ്പർ ലില്ലി റാഫേലിനെ വിളിച്ച് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി മെമ്പറിന്റെ സാന്നിദ്ധ്യത്തിൽ തിരികെ നൽകി.
വിവരം അറിഞ്ഞ് കെ.ജെ. മാക്സി എം.എൽ.എയും മുൻ കേന്ദ്രമന്ത്രി കെ.വി. തോമസും ജെസിയുടേയും റീനയുടേയും വീടുകളിലെത്തി അഭിനന്ദിച്ചു. മാതൃകപരമായ പ്രവൃത്തിയാണ് ഹരിതകർമ്മ സേനാംഗങ്ങളായ ഇവർ ചെയ്തതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, മാർട്ടിൻ ആന്റണി, പി.എ. പീറ്റർ, ജെയ്സൺ ടി. ജോസ്, അജിത, വിഭു തുടങ്ങിയവർ പങ്കെടുത്തു.
കെ.ജെ. മാക്സി എം.എൽ.എയും കെ.വി. തോമസും ഹരിതകർമ്മസേനയിലെ ജെസിക്കും റീനയ്ക്കും നൽകിയ പാരിതോഷിക തുകയിൽനിന്ന് ഇരുവരും വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി എം.എൽ.എയ്ക്ക് കൈമാറി. വീടുകളിൽനിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ഞങ്ങളെപ്പോലെയുള്ളവർക്ക് ഇത്തരം അഭിനന്ദനം വലിയ പ്രചോദനമാണെന്ന് ജെസിയും റീനയും പറഞ്ഞു.