കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ വടയമ്പാടി കാവുംചിറയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് സമീപത്തെ വീടിന് അപകട ഭീഷണിയായി. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് ഭിത്തി ഇടിഞ്ഞ് കക്കാട്ടിൽ അഖിലിന്റെ വീട് തകർച്ചയുടെ വക്കിലായത്. ചിറയുടെ ഭിത്തി പുനർ നിർമ്മിക്കാൻ വൈകുന്നത് വൻ ദുരന്തത്തിന് കാരണമാകും. 20 അടി താഴ്ചയും 30 അടി നീളവുമുള്ളതാണ് ഭിത്തി. സമീപ വാസികൾ കൃഷി ആവശ്യങ്ങൾക്കും കുളിക്കാനും ഉപയോഗിക്കുന്നതാണ് ചിറ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റാണ് ചിറയിലെ ചെളി കോരി വൃത്തിയാക്കിയത്. അതിനു ശേഷമാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. ഭിത്തി പുനർ നിർമ്മിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.